പരസ്യപ്രസ്താവന വിലക്കിയതിനാൽ സുധീരന് മറുപടിയില്ല: ഉമ്മൻചാണ്ടി

തിരുവനന്തപുരം: വിഎം സുധീരന് ഉമ്മൻചാണ്ടിയുടെ ഒളിയമ്പ്. പരസ്യ പ്രസ്താവന വിലക്കിയ സാഹചര്യത്തിൽ മറുപടി പറയുന്നില്ലെന്ന് ഉമ്മൻചാണ്ടി. ആന്ധ്രയിലെ...

പരസ്യപ്രസ്താവന വിലക്കിയതിനാൽ സുധീരന് മറുപടിയില്ല: ഉമ്മൻചാണ്ടി

തിരുവനന്തപുരം: വിഎം സുധീരന് ഉമ്മൻചാണ്ടിയുടെ ഒളിയമ്പ്. പരസ്യ പ്രസ്താവന വിലക്കിയ സാഹചര്യത്തിൽ മറുപടി പറയുന്നില്ലെന്ന് ഉമ്മൻചാണ്ടി. ആന്ധ്രയിലെ നേതാക്കളോടും പരസ്യ പ്രസ്താവന പാടില്ലെന്ന് താൻ പറഞ്ഞിട്ടുണ്ട്. പരസ്യ പ്രസ്താവന പാടില്ലെന്നാണ് കെപിസിസിയിലും തീരുമാനിച്ചത്. രാഷ്ട്രീയ കാര്യ സമിതിയില്‍ പങ്കെടുക്കാതിരുന്നതിൽ ചില തെറ്റിദ്ധാരണ പരന്നിട്ടുണ്ട്. മുതിർന്ന നേതാക്കളെ അറിയിച്ചിട്ടാണ് താൻ ആന്ധ്രയിലേക്ക് പോയതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

പരസ്യപ്രസ്താവന പാടില്ലെന്ന കെപിസിസിയുടെ നിര്‍ദേശം മറികടന്ന് രാജ്യസഭാ സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയും കടുത്ത വിമർശനവുമായി വി.എം സുധീരന്‍ രം​ഗത്തെത്തിയിരുന്നു. കേരളകോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കിയ കോണ്‍ഗ്രസിന്റെ തീരുമാനം ഹിമാലയം ബ്ലണ്ടറാണെന്ന് വി.എം സുധീരന്‍ പറഞ്ഞു.

താൻ കെപിസിസി അദ്ധ്യക്ഷനായത് മുതൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി തന്നോട് നിസഹകരണം പുലർത്തിയെന്നാണ് വിഎം സുധീരന്റെ ആരോപണം. കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ സമയത്ത് പോലും അദ്ദേഹം വന്നില്ല, പിന്നീട് മിക്ക പ്രവർത്തനങ്ങളിൽ നിന്നും അദ്ദേഹം വിട്ടുനിന്നു. ഒരിക്കലും കാണിക്കാൻ പാടില്ലാത്ത ക്രൂരമായ നിസംഗതയാണ് ഉമ്മൻചാണ്ടി തന്നോട് കാണിച്ചതെന്നും, അദ്ദേഹത്തിന്റെ ഭാവം നീരസത്തിന്റേതായിരുന്നുവെന്നും സുധീരൻ പറഞ്ഞു.

തന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനപക്ഷ യാത്രയെ പരാജയപ്പെടുത്താൻ ഉമ്മൻചാണ്ടി ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് നടത്തിയ ജനരക്ഷാ യാത്രയിൽ അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചു. എന്നാൽ പ്രസംഗത്തിനിടയിൽ കെപിസിസി പ്രസിഡന്റായ തന്റെ പേര് പറയാൻ പോലും അദ്ദേഹത്തിന് മടിയായിരുന്നു. കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാരുടെ വെട്ടിനിരത്തലും സ്ഥാനാർത്ഥി പ്രഖ്യാപനവുമാണ് തദ്ദേശതിര‍ഞ്ഞെടുപ്പിൽ പാർട്ടിക്ക് വൻ തോൽവി സമ്മാനിച്ചതെന്നും സുധീരൻ പറഞ്ഞു.

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസൻ രാവിലെ പറഞ്ഞിരുന്നു. വിഎം സുധീരന്‍ ഇന്ന് നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്നും ഹസന്‍ ദില്ലിയില്‍ പറഞ്ഞു.

Read More >>