സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്‌കീം ദേശീയതലത്തിലേയ്ക്ക്

തിരുവനന്തപുരം: രാജ്യത്തിന് കേരളം വീണ്ടും മാതൃകയാവുന്നു. കേരള പോലീസ് വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിജയകരമായി...

സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്‌കീം ദേശീയതലത്തിലേയ്ക്ക്

തിരുവനന്തപുരം: രാജ്യത്തിന് കേരളം വീണ്ടും മാതൃകയാവുന്നു. കേരള പോലീസ് വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിജയകരമായി നടപ്പാക്കിവരുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ദേശീയതലത്തിലേയ്ക്ക് വ്യാപിപ്പിക്കുന്നു.

ജൂലൈ 21 ന് ഹരിയാനയിലെ ഗുര്‍ഗാവില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രി രാജ്നാഥ് സിങ് ഇതു സംബന്ധിച്ച ദേശീയ പ്രഖ്യാപനം നടത്തും. ഇതോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നിലവില്‍ വരും.

2006 ലാണ് കേരളത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് പൈലറ്റ് അടിസ്ഥാനത്തില്‍ തുടക്കം കുറിച്ചത്. കുട്ടികളില്‍ അച്ചടക്കബോധവും വ്യക്തിത്വവികാസവും ഉറപ്പുവരുത്തുന്നതിനും ക്രിയാത്മക മനോഭാവവും ആരോഗ്യകരമായശീലങ്ങളും വളര്‍ത്തിയെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചത്.

നീതിനിര്‍വ്വഹണ സംവിധാനങ്ങളെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കല്‍, കൂട്ടായ്മ ഉള്‍പ്പെടെയുള്ള സാമൂഹിക മൂല്യങ്ങള്‍ പുതുതലമുറയില്‍ വളര്‍ത്തിയെടുക്കല്‍ എന്നിവയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ലക്ഷ്യങ്ങളാണ്. ഈ ലക്ഷ്യങ്ങള്‍ നേടുന്നതിന് ഏറെ സഹായകമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പദ്ധതി കൂടുതല്‍ സ്‌കൂളുകളിലേയ്ക്ക് വ്യാപിപ്പിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പദ്ധതി കൂടുതല്‍ വിപുലീകരിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി സര്‍ക്കാര്‍ 100 സ്‌കൂളുകളില്‍ കൂടി പദ്ധതി നടപ്പാക്കുവാന്‍ തീരുമാനിക്കുകയും 71 സ്‌കൂളുകളില്‍ ഇതിനകം ആരംഭിക്കുകയും ചെയ്തു. നിലവില്‍ 645 സ്‌കൂളുകളിലായി അന്‍പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പദ്ധതിയുടെ കീഴിലുണ്ട്. 52,000 കേഡറ്റുകള്‍ രണ്ടുവര്‍ഷത്തെ പരിശീലനം നേടി വരുന്നു.

നിരവധി സ്‌കൂളുകളില്‍ നിന്ന് പുതുതായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കണമെന്ന് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക പരിമിതി കാരണം എല്ലാവര്‍ക്കും നല്‍കാനായിട്ടില്ല. കൂടുതല്‍ പണച്ചെലവില്ലാതെ പരമാവധി സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ അറിയിച്ചു.

കേരളത്തിലെ വിജയകരമായ നടത്തിപ്പിനെ തുടര്‍ന്ന് ഗുജറാത്ത്, ഹരിയാന, കര്‍ണ്ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും പദ്ധതി ആരംഭിച്ചിരുന്നു. 2016 ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കേരളം സന്ദര്‍ശിച്ച വേളയില്‍ പദ്ധതിയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കുകയും, തുടര്‍ന്ന് ദേശീയതലത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. അതേതുടര്‍ന്ന് പലഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ദേശീയ തലത്തില്‍ പദ്ധതിക്ക് തുടക്കമാവുന്നത്.

ദേശീയ പ്രഖ്യാപനവേളയ്ക്ക് സാക്ഷ്യം വഹിക്കാന്‍ കേരളത്തില്‍ നിന്ന് അദ്ധ്യാപകരും കുട്ടികളും ഉള്‍പ്പെടെയുള്ള 26 അംഗസംഘം ഗുര്‍ഗാവിലെത്തും. ഇന്റലിജന്‍സ് എ ഡി ജി പി റ്റി.കെ. വിനോദ് കുമാര്‍, ഈ പദ്ധതിക്ക് രൂപം നല്‍കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയും തുടര്‍ന്ന് ചുമതല വഹിക്കുകയും ചെയ്യുന്ന ഐ ജി പി. വിജയന്‍ എന്നിവര്‍ കേരള സംഘത്തിന് നേതൃത്വം നല്‍കും.


Read More >>