ആഞ്ഞടിച്ച് സുധീരൻ: കോൺ​ഗ്രസിൽ കലാപം മുറുകുന്നു

Published On: 13 Jun 2018 7:15 AM GMT
ആഞ്ഞടിച്ച് സുധീരൻ: കോൺ​ഗ്രസിൽ കലാപം മുറുകുന്നു

തിരുവനന്തപുരം: പരസ്യപ്രസ്താവന പാടില്ലെന്ന കെപിസിസിയുടെ നിര്‍ദേശം മറികടന്ന് രാജ്യസഭാ സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയും കടുത്ത വിമർശനവുമായി വി.എം സുധീരന്‍. കേരളകോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കിയ കോണ്‍ഗ്രസിന്റെ തീരുമാനം ഹിമാലയം ബ്ലണ്ടറാണെന്ന് വി.എം സുധീരന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സീറ്റ് ലോക്‌സഭയില്‍ പ്രധാനമാണ്. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ തീരുമാനം ലോക്‌സഭയില്‍ ഇന്നത്തെ കോണ്‍ഗ്രസ് അംഗബലം കുറയ്ക്കാനേ ഉപകരിക്കുവെന്നും അദ്ദേഹം പറഞ്ഞു.കേരള കോണ്‍ഗ്രസ് .എമ്മും മാണിയും ഒരു ചാഞ്ചാട്ടക്കാരനാണ്. സമദൂരത്തെ കുറിച്ച് പറയുമ്പോൾ മൂന്നിടത്ത് സീറ്റിനായി വിലപേശിയ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ നാളെ ബി.ജെ.പിയോടൊപ്പം ചേരില്ലെന്ന് എന്താണ് ഉറപ്പെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം ഉമ്മന്‍ ചാണ്ടിക്കെതിരെയും കടുത്ത വിമര്‍ശനങ്ങളാണ് സുധീരൻ ഉയർത്തിയത്. കെപിസിസി പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി തന്നോട് കാട്ടിയത് ക്രൂരമായ നിസ്സംഗതയായിരുന്നുവെന്ന് സുധീരന്‍ തുറന്നടിച്ചു. കെപിസിസി അധ്യക്ഷനായ അന്ന് മുതല്‍ എനിക്ക് ഏറെ സ്‌നേഹമുള്ള അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നോട് നിസഹകരണമാണ് കാട്ടിയത്. വീട്ടില്‍ പോയി കണ്ടിട്ടും അദ്ദേഹത്തിന്റെ ഭാവം നീരസത്തിന്റേതായിരുന്നു. ഞാന്‍ അര്‍ഹനാണ് കെപിസിസി അധ്യക്ഷനാകാന്‍. അങ്ങനെ വന്നയാളാണ് ഞാന്‍. എനിക്ക് ഒരു വ്യക്തിതാത്പര്യവുമില്ല. എന്നിട്ടും ഒരിക്കലും കാണിക്കാന്‍ പാടില്ലാത്ത ക്രൂരമായ നിസംഗതയാണ് അദ്ദേഹം കാട്ടിയത്. ഞാന്‍ ചുമതലയേല്‍ക്കുന്ന സമയത്ത് പോലും അദ്ദേഹം വന്നില്ല. പിന്നീട് മിക്ക പ്രവര്‍ത്തനങ്ങളിലും അദ്ദേഹം നിസ്സഹകരിച്ചുവെന്നും സുധീരൻ പറഞ്ഞു .

Top Stories
Share it
Top