മൂന്ന് വര്‍ഷത്തേക്ക് സപ്ലൈകോയില്‍ സാധനങ്ങള്‍ക്ക് വില കൂടില്ല

Published On: 2018-07-16T20:00:00+05:30
മൂന്ന് വര്‍ഷത്തേക്ക് സപ്ലൈകോയില്‍ സാധനങ്ങള്‍ക്ക് വില കൂടില്ല

കോഴിക്കോട്: നിത്യോപയോഗ സാധനങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന സബ്സിഡി നിരക്കില്‍ തന്നെയായിരിക്കും അടുത്ത മൂന്ന് വര്‍ഷവും സപ്ലൈകോ നല്‍കുന്നതെന്നും വില കൂട്ടില്ലെന്നും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍. കൊയിലാണ്ടി നഗരസഭയിലെ നടേരി കാവുംവട്ടത്ത് ആരംഭിച്ച സപ്ലൈകോ മാവേലി സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 14 സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടില്ലെന്ന് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നല്‍കിയ വാഗ്ദാനമാണ്. ഈ വാക്ക് പാലിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. കൂടാതെ ഇവയില്‍ പലതിനും വില കുറക്കുകയും ചെയതു പൊതുവിപണിയിലെ വില കുറക്കാനുള്ള ഇടപെടലാണ് സര്‍ക്കാര്‍ ഇതിലൂടെ നടത്തുന്നത്.പൊതുവിതരണരംഗം സുതാര്യമായി തന്നെ കൊണ്ടു പോകുമെന്നും മന്ത്രി പറഞ്ഞു.

സബ്‌സിഡിയില്ലാത്ത സാധനങ്ങളുടെ വന്‍തോതിലുള്ള വില്‍പനയിലൂടെ ലഭിക്കുന്ന ലാഭമാണ് ഇതിനായി പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്. അതുകൊണ്ട് മാവേലി സ്റ്റോറുകളില്‍ നിന്ന് സബ്‌സിഡി സാധനങ്ങള്‍ മാത്രം വാങ്ങാതെ വീട്ടിലേക്കുവേണ്ട മുഴുവന്‍ സാധനങ്ങള്‍ ഇവിടെ നിന്ന് കൊണ്ടുപോവുന്ന രീതിയുണ്ടാവണമെന്നും വിലക്കയറ്റം പിടിച്ചു നിര്‍ത്തി ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ ന്യായവിലക്ക് ലഭ്യമാക്കുക എന്നതാണ് സപ്ലൈകോ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കെ ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍ പേഴ്സണ്‍ വി.കെ പത്മിനി ആദ്യ വില്‍പന നടത്തി. കൗണ്‍സിലര്‍മാരായ ആര്‍.കെ ചന്ദ്രന്‍, കെ ലത, എന്‍.എസ് സീന, കെ എം ജയ, വി കെ ലാലിഷ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി വി മാധവന്‍, എസ് സുനില്‍മോഹന്‍, കെ പി പ്രഭാകരന്‍, കെ അബ്ദുള്‍ സമദ്, വി.കെ ഷാജി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.സപ്ലൈകോ റീജിനല്‍ മാനേജര്‍ പി. ഉസ്മാന്‍ സ്വാഗതവും ജില്ല സപ്ലൈ ഓഫീസര്‍ കെ. മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

Top Stories
Share it
Top