സർഫാസി: വയനാട്ടിൽ 8000 കർഷക കുടുംബങ്ങൾ ജപ്തി ഭീഷണിയിൽ 

Published On: 2018-08-05T08:30:00+05:30
സർഫാസി: വയനാട്ടിൽ 8000 കർഷക കുടുംബങ്ങൾ ജപ്തി ഭീഷണിയിൽ 

കല്പറ്റ: വയനാട്ടിൽ 8000 കർഷക കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ. കാർഷിക വായ്പ്പക്കുടിശ്ശിക വരുത്തിയവർക്കെതിരെ സർഫാസി നിയമം ഉപയോ​ഗിച്ച് നടപടി ശക്തമാക്കിയതോടെയാണ് കർഷകർ ജപ്തി ഭീഷണി നേരിടുന്നത്. കനറാ ബാങ്ക്, കേരള ഗ്രാമീൺബാങ്ക്, സഹകരണ ബാങ്കുകൾ, എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ., എസ്.ബി.ഐ. തുടങ്ങിയവയാണ് ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്നത്. നോട്ടീസ് കിട്ടിയവരിൽ നാലുപേർ ആത്മഹത്യചെയ്തു. കല്ലൂർ, മാനന്തവാടി, മക്കിയാട്, അമ്പലവയൽ എന്നിവിടങ്ങളിലെ ഓരോ കർഷകരാണ് ആത്മഹത്യചെയ്തത്.

കർഷകസംഘടനകൾ വയനാട് ജില്ലയിൽ നടത്തിയ കണക്കെടുപ്പിലാണ് എണ്ണായിരത്തിലേറെപ്പേർക്ക് നോട്ടീസ് കിട്ടിയതായി വ്യക്തമായത്.
ഇതിൽ 100 പേരുടെ കാര്യത്തിൽ നടപടികൾ പൂർത്തിയായി, ജപ്തിയിലേക്ക് നീങ്ങുകയാണ്. 250 പേരുടെ നടപടികൾ പുരോഗമിക്കുന്നു. സംസ്ഥാനത്ത് മറ്റൊരു ജില്ലയിലും ഇത്രയധികം പേർ സർഫാസി നിയമം കാരണം കുടിയിറക്കു ഭീഷണി നേരിടുന്നില്ലെന്ന് സംഘടനാ നേതാക്കൾ പറയുന്നു. സഹകരണബാങ്കുകളാണ് കൂടുതൽ പേർക്ക് നോട്ടീസ് നൽകിയിട്ടുള്ളതെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

തിരിച്ചടവിൽ മൂന്നു ഗഡുക്കൾ തുടർച്ചയായി വീഴ്ചവരുത്തിയാൽ ഈടായി നല്കിയ വസ്തു ബാങ്കിന് പിടിച്ചെടുക്കാനും വിൽക്കാനും അധികാരം നല്കുന്നതാണ് സർഫാസി നിയമം. കഴിഞ്ഞവർഷം മുതലാണ് ബാങ്കുകൾ നടപടി കർശനമാക്കിത്തുടങ്ങിയത്. സര്‍ഫാസിനിയമത്തിലെ 31 (ഐ) പ്രകാരം കൃഷിഭൂമി ജപ്തിചെയ്യാന്‍ പാടില്ല. ഈ വ്യവസ്ഥ പല ബാങ്കുകളും പാലിക്കുന്നില്ല. പലയിടത്തും കൃഷിഭൂമിയാണ് ജപ്തി ഭീഷണി നേരിടുന്നത്. ഒരു ലക്ഷത്തില്‍ താഴെയുള്ള, വസ്തു ഈട് നൽകാത്ത വായ്പകള്‍ക്കും നിയമം ബാധകമല്ല. തിരിച്ചടക്കേണ്ട തുക വായ്പയുടെ 20 ശതമാനമാണെങ്കിലും നിയമത്തിന്റെ പരിധിയില്‍ വരില്ല. ജപ്തി നടപടികള്‍ക്കെതിരായ പരാതികള്‍ എറണാകുളത്തെ ഡെബ്റ്റ് റിക്കവറി ട്രിബൂണല്‍ മാത്രമേ പരിഗണിക്കൂ. ഇതിനുള്ള ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാനാവില്ലെന്നും ആക്ഷേപമുണ്ട്.

Top Stories
Share it
Top