ശുചിത്വ സാഗരം പദ്ധതി: കടലില്‍ നിന്ന് നീക്കിയത് 25 ടണ്‍ പ്ലാസ്റ്റിക് മാലിന്യം

തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ച ശുചിത്വ സാഗരം പദ്ധതിയുടെ ഭാഗമായി കടലില്‍ നിന്ന്...

ശുചിത്വ സാഗരം പദ്ധതി: കടലില്‍ നിന്ന് നീക്കിയത് 25 ടണ്‍ പ്ലാസ്റ്റിക് മാലിന്യം

തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ച ശുചിത്വ സാഗരം പദ്ധതിയുടെ ഭാഗമായി കടലില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ പുറത്തെടുത്തത് 25 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍. യുഎന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശുചിത്വ സാഗരം പദ്ധതിയുടെ ആദ്യ പത്ത് മാസത്തില്‍ അറബിക്കടലില്‍ നിന്ന് 25 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് മത്സത്തൊഴിലാളികള്‍ കരക്കെത്തിച്ചത്. ഇതില്‍ പത്ത് ടണ്‍ പ്ലാസ്റ്റിക് ബാഗുകളും കുപ്പികളുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കടലില്‍ നിന്നും പുറത്തെടുക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡ് നിര്‍മ്മാണത്തിനാണ് ഉപയോഗിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ കരക്കെത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സ്ത്രീകളടക്കമുള്ള തീരദേശവാസികള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നു. ഇത്തരത്തില്‍ സംസ്‌കരിച്ചെത്തുന്ന പ്ലാസ്റ്റിക് മാലിന്യം റോഡിന്റെ ഉപരിതലം നിര്‍മ്മിക്കാനാണ് ഉപയോഗിക്കുന്നത്.പരമ്പരാഗത രീതിയില്‍ റോഡ് നിര്‍മ്മിക്കാന്‍ വരുന്ന ചിലവിനേക്കാള്‍ കുറഞ്ഞ തുകയേ സംസ്‌കരിച്ച പ്ലാസ്റ്റിക് മാലിന്യം കൊണ്ടുള്ള നിര്‍മ്മാണത്തിന് ആവശ്യമായി വരുന്നുള്ളൂവെന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്.

ഇന്ത്യയില്‍ 34,000 കിലോമീറ്റര്‍ റോഡും പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ചതാണ്. ഇതില്‍ കൂടുതലും നാട്ടിന്‍പുറങ്ങളിലെ റോഡുകളാണ്. തമിഴ്‌നാട്ടിലെ പകുതിയില്‍ കൂടുതല്‍ റോഡുകളും പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ചതാണ്. പരമ്പരാഗത റോഡ് നിര്‍മ്മാണത്തിനായി ചിലവഴിക്കുന്ന തുകയില്‍ എട്ട് ശതമാനമെങ്കിലും കുറവ് വരുത്താന്‍ സംസ്‌കരിച്ച പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൊണ്ട് സാധിക്കും. കടലില്‍ എത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ 90 ശതമാനവും ഇന്ത്യയിലെ 10 നദികളില്‍ നിന്ന് എത്തുന്നതാണെന്ന് ഹെല്‍മോട്‌സ് സെന്റര്‍ ഫോര്‍ എന്‍വിയോണ്‍മെന്റല്‍ റിസേര്‍ച്ച് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.