കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സ്ഥാനചലനം; മാര്‍ ജേക്കബ് മനത്തോടത്ത്  പുതിയ അഡ്മിനിസ്ട്രേറ്റര്‍

Published On: 2018-06-22T18:00:00+05:30
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സ്ഥാനചലനം; മാര്‍ ജേക്കബ് മനത്തോടത്ത്  പുതിയ അഡ്മിനിസ്ട്രേറ്റര്‍

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്തുനിന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞു. പുതിയ അഡ്മിനിസ്ട്രേറ്ററായി ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിനെ നിയമിച്ചു. അതിരൂപതയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

അതിരൂപതയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ‍, അഡ്മിനിസ്ട്രേറ്റർ പദവിയിൽ മാർ ആലഞ്ചേരിക്കുണ്ടായിരുന്ന പദവികൾ കൈമാറാൻ വത്തിക്കാനിൽനിന്നു തീരുമാനിക്കുകയായിരുന്നു. മാർ മനത്തോടത്തിന്റെ നിയമനം ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ആര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് ആലഞ്ചേരി തന്നെ തുടരും. പുതിയ സ്ഥാനത്തേക്കു വരുന്ന മാര്‍ ജേക്കബ് മനത്തോടത്ത് നിലവില്‍ പാലക്കാട് രൂപതയുടെ അധ്യക്ഷനാണ്. റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ മനത്തോടത്ത് എറണാകുളം അതിരൂപതാ സെക്രട്ടറി, കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ സെക്രട്ടറി എന്നിങ്ങനെ സുപ്രധാന മായ പല ചുമതലകളും വഹിച്ചിട്ടുണ്ട്.

മാർ മനത്തോടത്ത് നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽവച്ച് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ജംബത്തിസ്താ ദിക്വാത്രോയുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി സ്ഥാനമേറ്റെടുക്കും. പാലക്കാട് രൂപതാധ്യക്ഷന്റെ ചുമതലകൾ തുടർന്നും മാർ ജേക്കബ് മനത്തോടത്ത് വഹിക്കും.

Top Stories
Share it
Top