വിവാദ ഭൂമിയിടപാട്: കര്‍ദിനാളിനെതിരെ കേസെടുക്കേണ്ടതില്ല- സുപ്രീംകോടതി

Published On: 20 July 2018 7:00 AM GMT
വിവാദ ഭൂമിയിടപാട്: കര്‍ദിനാളിനെതിരെ കേസെടുക്കേണ്ടതില്ല- സുപ്രീംകോടതി

ന്യൂഡല്‍ഹി: എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ള ഹരജികൾ സുപ്രീം കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിൻെറ വിധിക്കെതിരെയും ആലഞ്ചേരിയടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും കൊണ്ടുള്ള ഹര്‍ജികളാണ് തള്ളിയത്.

ജസ്റ്റിസ് രോഹിന്‍ടണ്‍ ഫാലി നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിലവില്‍ ഈ കേസില്‍ സുപ്രീംകോടതി ഇടപെടേണ്ടതില്ലെന്ന് കോടതി അറിയിച്ചു. പരാതികാര്‍ക്ക് വേണമെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് ഈ വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെടാം.

നേരത്തെ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ആലഞ്ചേരിയുള്‍പ്പടെയുള്ളവര്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ ഹര്‍ജിയെ തുടർന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് മാര്‍ട്ടിന്‍ പയ്യപ്പള്ളി, ഷൈന്‍ വര്‍ഗീസ് എന്നിവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Top Stories
Share it
Top