പീരുമേട്ടിൽ ഒന്നാം ക്ലാസ് വിദ്യാർഥിക്ക് അധ്യാപികയുടെ മർദ്ദനം; പ്രഥമ അധ്യാപകനും കുരുക്കിൽ

Published On: 2018-07-08T20:30:00+05:30
പീരുമേട്ടിൽ ഒന്നാം ക്ലാസ് വിദ്യാർഥിക്ക് അധ്യാപികയുടെ മർദ്ദനം; പ്രഥമ അധ്യാപകനും കുരുക്കിൽ

ഇടുക്കി: പീരുമേട് സർക്കാർ എൽ.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയെ അധ്യാപിക മർദിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് പിന്നാലെ പ്രഥമ അധ്യാപകനെതിരെയും നടപടിക്ക് സാധ്യത. പ്രഥമ അധ്യാപകൻ ബാബുരാജിനെതിരെയാണ് വിദ്യാഭ്യാസ ഉപ ഡയറക്ടർ നടപടിക്കൊരുങ്ങുന്നത്.

ജോലിയിൽ കൃത്യവിലോപം കാണിച്ചതിനും, മേലധികാരികളെ സംഭവം അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനുമായിരിക്കും നടപടി. ആദ്യ ഘട്ടത്തിൽ പ്രഥമാധ്യാപകൻ നൽകിയ വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നു പീരുമേട് എ ഇ ഒ ഷാജി ഭാസ്‌ക്കരൻ അറിയിച്ചു.

സംഭവം നടന്ന കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ തന്നെ കുട്ടിയുടെ മാതാപിതാക്കൾ പരാതിയുമായി പ്രഥമാധ്യാപകനെ സമീപിച്ചിരുന്നു. തുടക്കം മുതലേ കേസ് ഒതുക്കി തീർക്കാൻ തന്നെയായിരുന്നു സ്‌കൂൾ അധികൃതർ ശ്രമിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. പൊലിസിനും ചൈൽഡ് ലൈൻ അധികൃതർക്കും പ്രഥമാധ്യാപകൻ പരാതി നൽകിയിരുന്നില്ലെന്ന് ആക്ഷേപം ഉണ്ട്.

ബന്ധുക്കൾ ഇടപെട്ട് മർദനത്തിനരയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം വിവാദമായതും വിദ്യാഭ്യാസ വകുപ്പ് റിപോർട്ട് ആവശ്യപ്പെട്ടതും. സംഭവത്തിലുൾപ്പെട്ട അധ്യാപിക ഷീല അരുൾ റാണിയെയും കഴിഞ്ഞ ദിവസം ഡി ഇ ഒ സസ്‌പെന്റ് ചെയ്തിരുന്നു. ഇവർ ഒളിവിലാണെന്നും കേസ് അന്വേഷണം ഊർജിതമാക്കിയതെന്നും വണ്ടിപ്പെരിയാർ പോലിസ് പറഞ്ഞു. മുൻകൂർ ജാമ്യത്തിനായി അധ്യാപിക ശ്രമിക്കുന്നതായാണ് സൂചന.

Top Stories
Share it
Top