താമരശ്ശേരി ചുരത്തില്‍ വാഹനഗതാഗതം നാളെ പുനരാരംഭിക്കും; ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം തുടരും 

Published On: 2018-06-23T09:30:00+05:30
താമരശ്ശേരി ചുരത്തില്‍ വാഹനഗതാഗതം നാളെ പുനരാരംഭിക്കും; ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം തുടരും 

കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ വാഹനഗതാഗതം നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് മന്ത്രിമാരായ ടി.പി. രാമകൃഷ്ണനും എ.കെ. ശശീന്ദ്രനും പറഞ്ഞു. ചുരത്തില്‍ മണ്ണിടിഞ്ഞ ചിപ്പിലിത്തോട് സന്ദര്‍ശിച്ച് പ്രവൃത്തികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഇവര്‍. റോഡില്‍ ബസ് സര്‍വ്വീസ് മൂന്ന് ദിവസത്തിനകം പുനരാരംഭിക്കും. എന്നാല്‍ ചരക്ക് വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് അനുവദിക്കില്ല.

താമരശേരി ചുരം റോഡിലെ പ്രശ്നങ്ങള്‍ വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ചുരത്തിലെ പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കും. ഇടിഞ്ഞ ഭാഗങ്ങള്‍ മാത്രമല്ല ചുരം റോഡ് പൂര്‍ണമായും സംരക്ഷിക്കപ്പെടണം. സുരക്ഷിതമായ യാത്ര ഒരുക്കുന്നതിനായി മറ്റുള്ള പ്രശ്നങ്ങളും കണ്ടെത്തി സമയ ബന്ധിതമായി പരിഹരിക്കും. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ റോഡില്‍ പണി നടത്തുന്നതിന് തടസമുണ്ടായിരുന്നു.

നിലവില്‍ സ്ഥിതി മാറി. മൂന്ന് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. നിലവിലെ പ്രവര്‍ത്തി സംബന്ധിച്ച് വനം, ഗതാഗതം, പെതുമരാമത്ത് വകുപ്പുകള്‍ തമ്മില്‍ യാതൊരു തര്‍ക്കവുമില്ല. ബന്ധപ്പെട്ട വകുപ്പുകളും കോഴിക്കോട്, വയനാട് ജില്ലാ ഭരണ സംവിധാനങ്ങളും യോജിച്ചുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. ജനങ്ങള്‍ക്ക് സുഖകരമായ യാത്ര സൗകര്യം ഏര്‍പ്പെടത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

പൊതുമരാമത്തിന്റെ മൂന്ന് ചീഫ് എന്‍ജിനീയര്‍മാര്‍ ചുരത്തിലെത്തി പരിശോധന നടത്തിയിരുന്നു. ഇതനുസരിച്ചുള്ള നിര്‍മാണ പ്രവൃത്തികളാണ് നടക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് യാത്രവാഹനങ്ങള്‍ കടത്തിവിടാന്‍ തീരുമാനിച്ചത്. രണ്ട് ദിവസത്തിനകം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ കൂടി സ്ഥലം സന്ദര്‍ശിച്ച ശേഷം റോഡ് നിര്‍മാണം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ തീരൂമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

കെഎസ്ആര്‍ടിസി അടക്കമുള്ള യാത്രാ വാഹനങ്ങള്‍ വണ്‍വേ അടിസ്ഥാനത്തിലായിരിക്കും കടത്തി വിടുക. ഇടിഞ്ഞ ഭാഗങ്ങള്‍ മാത്രമല്ല ചുരം റോഡ് പൂര്‍ണമായും സംരക്ഷിക്കപ്പെടണം. സുരക്ഷിതമായ യാത്ര ഒരുക്കുന്നതിനായി മറ്റുള്ളപ്രശ്നങ്ങളും കണ്ടെത്തി സമയബന്ധിതമായി പരിഹരിക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. റോഡ് പുനര്‍നിര്‍മാണ പ്രവൃത്തി നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോവുക മാത്രമാണ് ഇപ്പോള്‍ സര്‍ക്കാറിന്റെ മുന്നിലുളള ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

Top Stories
Share it
Top