ധനകാര്യസ്ഥാപന ഉടമയെ തീക്കൊളുത്തിയ സംഭവം പ്രതി പിടിയില്‍

Published On: 2018-07-15T12:00:00+05:30
ധനകാര്യസ്ഥാപന ഉടമയെ തീക്കൊളുത്തിയ സംഭവം പ്രതി പിടിയില്‍

കോഴിക്കോട് : സ്വകാര്യ ധനകാര്യസ്ഥാപന ഉടമയെ ജീവനോടെ തീകൊളുത്തിയ കേസിലെ പ്രതി പിടിയില്‍. എറണാകുളം സ്വദേശി സുമേഷ്‌കുമാറാണു പിടിയിലായത്. കവര്‍ച്ചയായിരുന്നു ലക്ഷ്യമെന്ന് സുമേഷ് വെളിപ്പെടുത്തിയെന്നാണു സൂചന. കൈതപ്പൊയിലിലെ മലബാര്‍ ഫിനാന്‍സിയേഴ്‌സ് ഉടമ പി.ടി.കുരുവിളയെയാണ് ജീവനോടെ തീകൊളുത്തിയത്.
സുമേഷ്‌കുമാര്‍ കഴിഞ്ഞ ആറിനു സ്ഥാപനത്തില്‍ എത്തി വായ്പയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചതായി പറയുന്നു. അന്നു യുവാവിന്റെ പെരുമാറ്റത്തില്‍ പന്തികേടു തോന്നിയ കുരുവിള മൊബൈലില്‍ പകര്‍ത്തിയ പടമാണു പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്. പ്ലംബിങ് ജോലികള്‍ കരാറെടുത്തു നടത്തിവന്ന ഇയാള്‍ രണ്ടു ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണു വീണ്ടും ഓഫിസിലെത്തിയത്. സ്വര്‍ണവുമായി ഭാര്യ ഉടന്‍ വരുമെന്നു പറഞ്ഞു. സംസാരത്തിനിടയില്‍ പെട്രോള്‍ മണത്ത കുരുവിള ഇത് എന്തിനാണെന്നു ചോദിച്ചു പുറത്തു വയ്പിച്ചു.

ഇതിനിടയില്‍ ബാത്ത് റൂമില്‍ പോയി മടങ്ങി വന്ന തന്റെ ദേഹത്ത് യുവാവ് പെട്രോള്‍ ഒഴിച്ചു ലൈറ്റര്‍ കത്തിക്കുകയായിരുന്നുവെന്നാണ് കുരുവിളയുടെ മൊഴി. തീ പടര്‍ന്നു മരണ വെപ്രാളത്തില്‍ ഒന്നാം നിലയില്‍ നിന്നു താഴേക്കു ചാടിയ കുരുവിളയെ ഓടിക്കൂടിയ നാട്ടുകാരാണു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ചികില്‍സ തുടരുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ചയാണ് കുരുവിള മരിച്ചത്.

Top Stories
Share it
Top