ബൈക്ക് തടഞ്ഞ് തമിഴ്നാട് സ്വദേശിയുടെ  50000 രൂപ കവർന്നയാൾ പിടിയിൽ 

Published On: 3 July 2018 7:45 AM GMT
ബൈക്ക് തടഞ്ഞ് തമിഴ്നാട് സ്വദേശിയുടെ  50000 രൂപ കവർന്നയാൾ പിടിയിൽ 

മലപ്പുറം: ബൈക്ക് തടഞ്ഞ് തമിഴ്നാട് സ്വദേശിയിൽ നിന്ന് 50000 രൂപ കവർന്നയാളെ പരപ്പനങ്ങാടി പൊലീസ് സാഹസികമായി പിടികൂടി. അരിയല്ലൂർ ബീച്ചിലെ ഉമറലി (26) യെയാണ് എസ്ഐ കെ.ആർ രഞ്ജിതും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് കടപ്പുറത്ത് കൂടി ഓടിയ പ്രതിയെ ഒരു കിലോമീറ്ററോളം പിന്തുടർന്നാണ് കീഴ്പ്പെടുത്തിയത്.

പൊലീസ് സംഘം മഫ്തിയിലായിരുന്നതിനാൽ നാട്ടുകാർ സംഘടിച്ചെങ്കിലും പൊലീസാണെന്ന് അറിഞ്ഞതോടെ പിൻമാറി. ഒരു മാസത്തോളമായി ഇയാൾക്കായി അന്വേഷണത്തിലായിരുന്നുവെന്ന് എസ്ഐ കെ.ആർ രഞ്ജിത് പറഞ്ഞു. കടപ്പുറത്ത് ഉള്ളതായി വിവരം ലഭിച്ചതിനെ തുടർന്ന് വേഷം മാറിയെത്തി പിടികൂടുകയായിരുന്നു.

കവർച്ചയെ കുറിച്ച് പൊലീസ് പറയുന്നത് - മേയ് 28ന് രാവിലെ തുണിക്കച്ചവടക്കാരനായ തമിഴ്നാട് സ്വദേശി ചിദംബരമാണ് കവർച്ചക്ക് ഇരയായത്.
അരിയല്ലൂർ വായനശാല പരിസരത്ത് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.

തുടർന്ന് ബംഗളൂരുവിലേക്ക് കടന്ന ഉമറലി അവിടെ ആഢംബര ജീവിതം നയിച്ചു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിച്ച് വരികയാണെന്നും പ്രതിയെ വൈകീട്ട് പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കുമെന്നും കെ ആർ രഞ്ജിത് അറിയിച്ചു. എഎസ്ഐ സുരേന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർമാരായ അഭിലാഷ്, അനിൽദേവ്, ധീരജ്, പ്രശാന്ത്, രാജേന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Top Stories
Share it
Top