തൊടുപുഴ കൂട്ടക്കൊല: അന്വേഷണം അടുത്ത ബന്ധുവിലേക്ക്

Published On: 1 Aug 2018 3:45 PM GMT
തൊടുപുഴ കൂട്ടക്കൊല: അന്വേഷണം അടുത്ത ബന്ധുവിലേക്ക്

തൊടുപുഴ: ഇടുക്കി മുണ്ടൻമുടിയിൽ ഒരു കുടുംബത്തിലെ നാലു പേരുടെ കൊലപാതകത്തിന് പിന്നിൽ മന്ത്രവാദത്തിലെ തർക്കമാണെന്ന് സൂചന. കൊല്ലപ്പെട്ട കൃഷ്‌ണന് മന്ത്രവാദമുണ്ടായിരുന്നെന്നും ഇതിനായി ദൂരസ്ഥലങ്ങളിൽ നിന്ന് പോലും കൃഷ്‌ണനെ തേടി ആളുകൾ എത്തിയിരുന്നെന്നും സഹോദരൻ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിന് പിന്നിൽ മന്ത്രാവാദത്തിലെ തർക്കമാണെന്ന സംശയത്തിന് കാരണം. വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.

ഒന്നിലേറെ പേർ ഉൾപ്പെട്ട സംഘമാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഞ്ചരയടിയോളം ഉയരവും അതിനൊത്ത വണ്ണവുമുണ്ട് കൊല്ലപ്പെട്ട കൃഷ്ണനും മകനും. അതു കൊണ്ടു തന്നെ കൊല്ലാനും മൃതദേഹങ്ങൾ കുഴിച്ചു മൂടാനും ഒരാൾക്കൊറ്റയ്ക്കു കഴിയില്ലെന്നും പൊലീസ് വിലയിരുത്തുന്നു.

മോഷണ ശ്രമം കൊലപാതകത്തിലേക്കു നയിക്കാനുള്ള സാധ്യതയില്ലെന്നാണ് പ്രാഥമിക നി​ഗമനം. മോഷ്ടാക്കൾ കൃത്യം നടത്തിയ ശേഷം രക്ഷപെടാനാണ് ശ്രമിക്കുന്നതെന്നും, മൃതദേഹം കുഴിച്ചുമൂടാൻ മെനക്കെടില്ലെന്നും പൊലീസ് വിശ്വസിക്കുന്നു. മാത്രമല്ല മോഷ്ടാക്കൾ അതിക്രമിച്ചു കടന്നതിന്റെ സൂചനകളൊന്നും വീട്ടിൽ ഇല്ല.

ഞായറാഴ്ച രാത്രിയാണു കൊലപാതകം നടന്നതെന്നു സംശയിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കനത്ത മഴയായിരുന്നതിനാൽ പൊലീസ് ഡോഗ് സ്ക്വാഡിനും ഫൊറൻസിക് സംഘത്തിനും കാര്യമായ തെളിവുകൾ ശേഖരിക്കാൻ കഴിയാത്തതും അന്വേഷണ സംഘത്തിനു വെല്ലുവിളിയാണ്.

Top Stories
Share it
Top