ഉരുൾപ്പൊട്ടൽ: റിസോർട്ടിൽ വിദേശികൾ കുടുങ്ങി; രക്ഷിക്കണമെന്നാവശ്യപ്പെട്ട് വീഡിയോ സന്ദേശം

മൂന്നാര്‍: പള്ളിവാസലിലെ പ്ലംജൂഡി റിസോട്ടില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു. റിസോട്ടിന് സമീപം ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം...

ഉരുൾപ്പൊട്ടൽ: റിസോർട്ടിൽ വിദേശികൾ കുടുങ്ങി; രക്ഷിക്കണമെന്നാവശ്യപ്പെട്ട് വീഡിയോ സന്ദേശം

മൂന്നാര്‍: പള്ളിവാസലിലെ പ്ലംജൂഡി റിസോട്ടില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു. റിസോട്ടിന് സമീപം ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. സഞ്ചാരികള്‍ക്ക് പുറത്തുകടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. വിദേശികള്‍ ഉള്‍പ്പടെ 30 ഓളം വിനോദ സഞ്ചാരികളാണ് രണ്ട് ദിവസമായി റിസോര്‍ട്ടില്‍ കുടുങ്ങി കിടക്കുന്നത്.

സഹായമഭ്യര്‍ത്ഥിച്ച് സഞ്ചാരികളില്‍ ഒരാള്‍ പുറത്തുവിട്ട വീഡിയോ സന്ദേശം മാധ്യമങ്ങള്‍ പുറത്തുവിട്ടു. വിനോദ സഞ്ചാരികളെ അവിടെയെത്തിച്ച ഡ്രൈവര്‍മാരാണ് വീഡിയോ പുറത്തുവിട്ടത്. 20 ഓളം കുടുംബങ്ങള്‍ റിസോട്ടിലുണ്ടെന്നും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും വീഡിയോയിൽ പറയുന്നു.

നിലവില്‍ അവര്‍ക്ക് സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലെന്നും അവിടത്തെ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് മന്ത്രി മിലിട്ടിറിയുടെ സഹായം തേടിയതിനെ തുടര്‍ന്ന് മിലിട്ടിറി സംഘം അവിടേക്ക് തിരിച്ചിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ടൂറിസ്റ്റുകള്‍ക്ക് ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ സൗജന്യമായി നല്‍കാന്‍ മന്ത്രി റിസോര്‍ട്ട് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇടുക്കിയില്‍ ഉള്ള വിദേശികള്‍ അടക്കമുള്ള ടൂറിസറ്റുകളെ എത്രയും വേഗം ജില്ലക്ക് പുറത്തുള്ള സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുവാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

ഇടുക്കിയില്‍ വിനോദ സഞ്ചാരം പൂര്‍മായും നിരോധിച്ചതായും ഏതെങ്കിലും ടൂറിസ്റ്റുകള്‍ക്കോ, ടൂറിസം കേന്ദ്രത്തിനോ, റിസോര്‍ട്ടുകള്‍ക്കോ എന്തെങ്കിലും പ്രശ്നം ഉണ്ടായല്‍ ഉടന്‍ തന്നെ ജില്ലാ ഭരണകൂടത്തിനേയോ ടൂറിസം വകുപ്പിനേയോ അറിയിക്കുവാനും, നിലവില്‍ പരിഭ്രാന്തിക്ക് കാരണമില്ലെന്നും മന്ത്രി അറിയിച്ചു.

Read More >>