കനത്തമഴ: ട്രെയിന്‍ ഗതാഗതം താറുമാറായി

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴയില്‍ വിവിധ സ്ഥലങ്ങളില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ ട്രാക്കുകള്‍...

കനത്തമഴ: ട്രെയിന്‍ ഗതാഗതം താറുമാറായി

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴയില്‍ വിവിധ സ്ഥലങ്ങളില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ ട്രാക്കുകള്‍ വെള്ളത്തിനടിയിലായി. സിഗ്‌നല്‍ സംവിധാനം തകരാറിലായതോടെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ട്രാക്കുകളില്‍ വെള്ളംകയറിയതു മൂലം നിരവധി ട്രയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. ഒന്നുമുതല്‍ നാല് മണിക്കൂര്‍ വരെ വൈകിയാണ് തീവണ്ടികള്‍ ഓടുന്നത്. നിരവധി ട്രയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ആലപ്പുഴ തുറവൂര്‍ തീരദേശ പാതയിലും എറണാകുളം മുളന്തുരുത്തിയിലും റെയില്‍വേ ട്രാക്കില്‍ മരം വീണതിനാല്‍ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. എറണാകുളം നിലമ്പൂര്‍ പാസഞ്ചര്‍ റദ്ദാക്കിയിട്ടുണ്ട്.

ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം തടസ്സപ്പെട്ടതാണ് തീവണ്ടികള്‍ വൈകിയോടാന്‍ പ്രധാന കാരണം. മാനുവല്‍ സിഗ്‌നല്‍ സംവിധാനത്തിലൂടെ തീവണ്ടി ഗതാഗതം നിയന്ത്രിച്ചാല്‍ മാത്രമേ യാത്ര സാധ്യമാവുകയുള്ളൂ. അതുകൊണ്ട് തന്നെ പലയിടങ്ങളിലും തീവണ്ടികള്‍ പിടിച്ചിട്ടിരിക്കുകയായാണ്.

ആലപ്പുഴ ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു. മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസിന് മുകളിലേക്കാണ് രാവിലെ 6.45 ഓടെ മരംവീണത്. ട്രെയിന്റെ ഏറ്റവും പിന്നിലെ ബോഗിക്ക് മുകളിലാണ് മരം വീണത്. ആളപായമില്ല. ആലപ്പുഴ വഴിയുള്ള ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്.


Read More >>