ട്രോളിങ്; നാടന്‍ വള്ളങ്ങളെ നിരോധിക്കേണ്ട സാഹചര്യമില്ലെന്ന് കുട്ടി അഹമ്മദ്കുട്ടി

Published On: 2018-06-30 12:00:00.0
ട്രോളിങ്; നാടന്‍ വള്ളങ്ങളെ നിരോധിക്കേണ്ട സാഹചര്യമില്ലെന്ന് കുട്ടി അഹമ്മദ്കുട്ടി

കോഴിക്കോട്: ട്രോളിങ് നിരോധന പരിധിയില്‍ നാടന്‍ വള്ളങ്ങളെയും ഉള്‍പ്പെടുത്തണമെന്ന ഹൈകോടതിയുടെ നിര്‍ദേശത്തിനെതിരെ മുസ്ലിംലീഗ് രംഗത്തെത്തി. സംഭവത്തിന്റെ നിജസ്ഥിതി കോടതിയുടെ ശ്രദ്ധയില്‍പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി ലീഗ്ഹൗസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ മുന്‍മന്ത്രിയും മുസ്ലിംലീഗിന്റെ മുതിര്‍ന്ന നേതാവുമായ കുട്ടി അഹമ്മദ്കുട്ടി ആരോപിച്ചു.

നാടന്‍ വള്ളങ്ങളെയും ട്രോളിങ് പരിധിയില്‍ ഉള്‍പ്പെടുത്തി സുപ്രീംകോടതി വിധി വന്നതിനെത്തുടര്‍ന്ന് 2007ല്‍ സംസ്ഥാന സര്‍ക്കാര്‍ നാടന്‍ വള്ളങ്ങളെ ട്രോളിങ് പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് നിയമം പാസ്സാക്കിയിരുന്നു. അതിനാല്‍ ഇവയെ നിരോധിക്കാന്‍ കഴിയില്ല. മാത്രമല്ല ഇവ ആഴക്കടല്‍ മല്‍സ്യബന്ധനവും നടത്താറില്ല. അതിനാല്‍ നിരോധിക്കേണ്ട സാഹചര്യമില്ല. എന്നാല്‍ ഇക്കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു, അഹമ്മദ്കുട്ടി പറഞ്ഞു.

ഏതെങ്കിലും നാടന്‍ വള്ളത്തെ പൊലീസിനെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ അപകടകരമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ നീക്കമുണ്ടായാല്‍ മല്‍സ്യത്തൊഴിലാളി സംഘനകളുമായി ചേര്‍ന്ന് നേരിടുമെന്നും അഹമ്മദ്കുട്ടി പറഞ്ഞു.

Top Stories
Share it
Top