ട്രോളിംഗ് നിരോധനം: ഇതര സംസ്ഥാന ബോട്ടുകള്‍ തീരം വിടണം

കണ്ണൂർ: കേരളതീരത്ത് ട്രോളിംഗ് നിരോധനം തുടങ്ങുന്നതിനുമുമ്പ് കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ ഇതര സംസ്ഥാന മത്സ്യബന്ധന...

ട്രോളിംഗ് നിരോധനം: ഇതര സംസ്ഥാന ബോട്ടുകള്‍ തീരം വിടണം

കണ്ണൂർ: കേരളതീരത്ത് ട്രോളിംഗ് നിരോധനം തുടങ്ങുന്നതിനുമുമ്പ് കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകളും നിര്‍ബന്ധമായും തീരം വിട്ടുപോവേണ്ടതാണെന്നും അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസത്തേക്കാണ് കേരള തീരക്കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ പരിധിക്കുള്ളില്‍ ട്രോള്‍ വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതും മത്സ്യബന്ധന ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും നിരോധിച്ചിട്ടുള്ളത്. നിരോധന കാലയളവില്‍ നിയമലംഘനം നടത്തി കടലില്‍ മത്സ്യബന്ധനം നടത്തുന്നത് ശിക്ഷാര്‍ഹമായ നടപടിയാണെന്ന് ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി.

മുന്‍വര്‍ഷം ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെ 47 ദിവസമായിരുന്നു ട്രോളിംഗ് നിരോധനം. ഇത്തവണ നിരോധനം അഞ്ച് ദിവസം കൂടുതലാണ്. ട്രോളിംഗ് നിരോധന കാലയളവില്‍ രക്ഷാപ്രവര്‍ത്തനത്തിനായി അഴീക്കല്‍, തലായി ഹാര്‍ബറുകളില്‍ രണ്ട് രക്ഷാബോട്ടുകളും ആയിക്കരയില്‍ ഒരു തോണിയും സജ്ജമാക്കാന്‍ ഫിഷറീസ് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഒമ്പത് ലൈഫ് ഗാര്‍ഡുകളെ നിയമിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനായി പോവുന്ന യാനങ്ങളെയും തൊഴിലാളികളെയും നിരീക്ഷിക്കുന്നതിനായി സാഗര എന്ന മൊബൈല്‍ ആപ്ലിക്കേഷനും ഫിഷറീസ് വകുപ്പും എന്‍.ഐ.സിയും ചേര്‍ന്ന് വികസിപ്പിച്ചിട്ടുണ്ട്. അതേസമയം, ആയിക്കരയില്‍ രക്ഷാപ്രവര്‍ത്തനത്തിന് തോണി അപര്യാപത്മാണെന്നും പകരം ബോട്ട് തന്നെ അനുവദിക്കണമെന്നും യോഗത്തില്‍ മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

ട്രോളിംഗ് നിരോധന കാലയളവില്‍ കഴിഞ്ഞ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഒരു കാരിയര്‍ വള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് ഫിഷറീസ് അധികൃതര്‍ വ്യക്തമാക്കി. ഇവയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍, തൊഴിലാളികളുടെ വിവരങ്ങള്‍ എന്നിവ ഫിഷറീസ് ഓഫീസുകളില്‍ അറിയിക്കണം. എന്നാല്‍, കണ്ണൂര്‍ ജില്ലയുടെ സവിശേഷ സാഹചര്യങ്ങള്‍ കാരണം ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഒരു കാരിയര്‍ വള്ളം മാത്രം ഉപയോഗിച്ച് മത്സ്യബന്ധനത്തിന് കഴിയില്ലെന്നും മൂന്ന് കാരിയര്‍ വള്ളമെങ്കിലും ആവശ്യമാണെന്നും യോഗത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഐകകണ്‌ഠ്യേന ആവശ്യമുന്നയിച്ചു. ഈ ആവശ്യം അടിയന്തിരമായി സര്‍ക്കാറിന്റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ യോഗം ശുപാര്‍ശ ചെയ്തു.

ട്രോളിംഗ് നിരോധനത്തിന് മുമ്പായി ജില്ലയിലെ മുഴുവന്‍ ബോട്ടുകളും അടിയന്തിരമായി കളര്‍ കോഡിംഗ് ചെയ്യണമെന്ന് ഫിഷറീസ് അധികൃതര്‍ അറിയിച്ചു. 80-85 ശതമാനം ബോട്ടുകളും കളര്‍ കോഡിംഗ് ചെയ്തിട്ടുണ്ട്. ഇതുപ്രകാരം കേരളത്തിലെ ബോട്ടുകള്‍ക്കെല്ലാം ഒരു നിറമാണ്. ഇതര സംസ്ഥാന ബോട്ടുകള്‍ കേരളത്തിന്റെ കളര്‍ കോഡ് ഉപയോഗിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ട്രോളിംഗ് നിരോധന കാലയളവില്‍ നിയമവിധേയമായി മത്സ്യബന്ധനം നടത്തുന്നവര്‍ പത്ര, ദൃശ്യമാധ്യമങ്ങള്‍ വഴിയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കേണ്ടതും വയര്‍ലെസ്, റേഡിയോ, മൊബൈല്‍ഫോണ്‍, ജി.പി.എസ് ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ യാനത്തിലുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം മത്സ്യബന്ധനത്തിന് പോകേണ്ടതുമാണെന്ന് ഫിഷറീസ് വകുപ്പ് വ്യക്തമാക്കി. ഫിഷറീസ് അസി. ഡയറക്ടര്‍ നോഡല്‍ ഓഫീസറായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങിയിട്ടുണ്ട്. ഫോണ്‍: ഫിഷറീസ് കണ്‍ട്രോള്‍ റൂം: 0497 2732487. കോസ്റ്റല്‍ പൊലീസ്: 0497 2774001. കോസ്റ്റല്‍ പോലീസ് ടോള്‍ഫ്രീ നമ്പര്‍: 1093. കോസ്റ്റ് ഗാര്‍ഡ്: 0495 2417995. കോസ്റ്റ് ഗാര്‍ഡ് ടോള്‍ ഫ്രീ നമ്പര്‍: 1554.

എ.ഡി.എം ഇ. മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, മത്സ്യബോര്‍ഡ് ചെയര്‍മാന്‍ സി.പി. കുഞ്ഞിരാമന്‍, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസന്ന, മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ആബിദ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ശ്രീകണ്ഠന്‍, അസി. ഡയറക്ടര്‍ സി.കെ. ഷൈനി, വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ട്രോളിംഗ് നിരോധനം: ഇതര സംസ്ഥാന ബോട്ടുകള്‍ തീരം വിടണം

Read More >>