വിദ്യാർത്ഥികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സിപിഐഎം; കേസില്‍ ഇടപെടേണ്ടതില്ലെന്ന് സെക്രട്ടേറിയറ്റ്

വിദ്യാർത്ഥികളെ പാർട്ടിയിൽനിന്ന് ഉടൻ പുറത്താക്കില്ല. സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ കോഴിക്കോട് ജില്ലാ കമ്മറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സിപിഐഎം; കേസില്‍ ഇടപെടേണ്ടതില്ലെന്ന് സെക്രട്ടേറിയറ്റ്

മാവോവാദി ബന്ധമാരോപിച്ച് കോഴിക്കോട് പന്തീരങ്കാവിൽ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. യുഎപിഎ ചുമത്തിയ നടപടിയെക്കുറിച്ച് റിട്ട.ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ അധ്യക്ഷനായ പ്രത്യേക സമിതി പരിശോധിക്കട്ടെയെന്നും അതിനുമുമ്പ് വിഷയത്തില്‍ ഇടപെടില്ലായെന്നും സെക്രട്ടേറിയറ്റ് തീരുമാനമെടുത്തു.

കോഴിക്കോട് ജില്ലാ കമ്മറ്റി നൽകിയ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് സെക്രട്ടറിയേറ്റ് തീരുമാനം. വിദ്യാർഥികൾക്ക് തീവ്രസ്വഭാവമുള്ള ചില സംഘടനകളുമായി ബന്ധമുണ്ടെന്നാണ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ റിപ്പോർട്ട്. ഇത്തരം സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നു നേരത്തെ നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും മുഖവിലയ്ക്കെടുത്തില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ വിദ്യാർത്ഥികളെ പാർട്ടിയിൽനിന്ന് ഉടൻ പുറത്താക്കില്ല. സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ കോഴിക്കോട് ജില്ലാ കമ്മറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യുഎപിഎ പോലുള്ള നിയമങ്ങൾക്ക് പാർട്ടി എതിരാണെങ്കിലും പൊലീസ് ശക്തമായ തെളിവുകൾ നിരത്തുന്ന സാഹചര്യത്തിൽ ജാഗ്രതയോടെ തീരുമാനമെടുക്കണമെന്നാണ് സെക്രട്ടേറിയറ്റിൽ അഭിപ്രായം ഉയർന്നത്.

എസ്.എഫ്.ഐ സൗത്ത് ഏരിയ കമ്മിറ്റി മുൻ അംഗം അലൻ ഷുഹൈബ് (20), പന്തീരാങ്കാവ് സ്വദേശി താഹ ഫസൽ (25) എന്നിവരെ ഈ മാസം രണ്ടിന് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം പാലാട്ട് നഗർ ബ്രാഞ്ച് കമ്മറ്റി അംഗമാണ് അലൻ. താഹ പാറമ്മൽ ബ്രാഞ്ച് കമ്മറ്റി അംഗവുമാണ്. അതേസമയം, ഇരുവരുടേയും ജാമ്യാപേക്ഷകളിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസുമാരായ എ.ഹരിപ്രസാദും എൻ.അനിൽകുമാറും അടങ്ങുന്ന ഡിവിഷൻ ബഞ്ച് പരിഗണിച്ചത്. കേസ് 14 ന് പരിഗണിക്കും.

Read More >>