അമ്മയിലെ ചര്‍ച്ചകളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് നടി ഊര്‍മിള ഉണ്ണി 

കോഴിക്കോട്: അമ്മയില്‍ നടന്ന ചര്‍ച്ചകളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് ചലചിത്ര നടി ഊര്‍മിള ഉണ്ണി. സിനിമയില്‍ മുമ്പും പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും...

അമ്മയിലെ ചര്‍ച്ചകളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് നടി ഊര്‍മിള ഉണ്ണി 

കോഴിക്കോട്: അമ്മയില്‍ നടന്ന ചര്‍ച്ചകളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് ചലചിത്ര നടി ഊര്‍മിള ഉണ്ണി. സിനിമയില്‍ മുമ്പും പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും അന്നൊന്നും മാധ്യമങ്ങള്‍ അവ അറിഞ്ഞിരുന്നില്ലെന്നും അവര്‍ കോഴിക്കോട്ട് പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ വേദിയുടെ പുരസ്‌ക്കാരം ഏറ്റുവാങ്ങാനായി കോഴിക്കോട്ടെത്തിയതായിരുന്നു നടി ഊര്‍മിള.

താന്‍ അമ്മയിലെ എക്‌സിക്യൂട്ടീവ് മെമ്പറല്ലെന്നും സാധാരണ ഒരു അംഗമാണെന്നും അവര്‍ പറഞ്ഞു. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട യോഗം നടക്കുമ്പോള്‍ മാധ്യമങ്ങള്‍ ഇല്ലായിരുന്നു. അമ്മയില്‍ നിന്ന് നാലു നടിമാര്‍ രാജിവെച്ചത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും അവര്‍ പറഞ്ഞു.ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് കൂടുതലൊന്നും പ്രതികരിക്കാന്‍ നടി തയ്യാറായില്ല. അഭിനേതാക്കളുടെ സംഘടനയായ അമ്മ നല്ലൊരു സംഘടനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആക്രമിക്കപ്പെട്ട നടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുറ്റാരോപിതനായ ദിലീപിനെ സംഘടനയില്‍ എത്തിക്കാന്‍ ഊര്‍മിള ഉണ്ണി ഇടപ്പെട്ടു എന്നാരോപണം ഉയര്‍ന്നതിനാല്‍ ചടങ്ങില്‍ നിന്ന് ബഷീറിന്റെ മകള്‍ ഷാഹിന ബഷീറും ഇന്റര്‍സോണ്‍ പുരസ്‌ക്കാരം നേടിയ ഗുരുവയുരപ്പന്‍ കോളെജ് വിദ്യാര്‍ത്ഥികളും വിട്ടുനിന്നിരുന്നു. എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്തും ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്നതിനാല്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നു. പരിപാടി ബഹിഷ്‌ക്കരിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അതെനിക്കറിയില്ലെന്നും ബഹിഷ്‌ക്കരിച്ചവരോട് ചോദിക്കണമെന്നുമായിരുന്നു ഊര്‍മിള ഉണ്ണിയുടെ പ്രതികരണം.