പ്രണയം എന്ന 'പിശാച്'

മാമൂൽ സമൂഹം തകർച്ചയെ നേരിടുമ്പോഴാണ് പ്രണയം ഉണ്ടാവുന്നത്. അതിനാൽ തന്നെ പ്രണയത്തെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളായ ചതി, നൈരാശ്യം, ആത്മഹത്യ, കൊലപാതകം, മടുപ്പ് എല്ലാം ഇതിനൊപ്പമുണ്ട്. ഭ്രാന്തിനെ പ്രണയനിരാശ മൂലം ഉണ്ടാകുന്ന ഒരു രോഗമായിട്ടാണ് മുൻപ് കണ്ടിരുന്നത്.

പ്രണയം എന്ന പിശാച്

വിപ്ലവകാലം, അസ്തിത്വവാദ കാലം എന്നിവപോലെ കേരളത്തിൽ ഒരു പ്രണയകാലവും ഉണ്ടായിരുന്നു എന്നാണ് വിചാരിക്കുന്നത്. 'രമണൻ' പോലുള്ള ഭാവഗാനങ്ങൾ ഉണ്ടാക്കിയ പൊതുവായ ആവേശം വിട്ടൊഴിഞ്ഞതിനു ശേഷം, പുരോഗമന ചിന്തയും സോഷ്യലിസ്റ്റ് സ്വപ്നങ്ങളും പൂത്തുലയുകയും, നിത്യഹരിത നായകൻറെ സിനിമകൾ നാട്ടിന്പുറത്തുകാരെയും നഗരവാസികളെയും ഒരേപോലെ ആകര്ഷിക്കുകയും ചെയ്ത സമയത്ത് ആയിരിക്കണം കേരളത്തിലെ പ്രണയകാലം. ഇപ്പോഴുത്തെ എൺപതു വയസിനു മുകളിലുള്ളവർക്ക് യുവത്വം തുടിച്ചുനിന്നപ്പോഴാണ് അത് തീവ്രവും സുരഭിലവും ആയിരുന്നെന്നു തോന്നുന്നു. സിവിക് ചന്ദ്രൻ മാഷൊക്കെ മേല്പറഞ്ഞ മൂന്നു കാലങ്ങളുടെയും സ്വാധീനം ഉൾകൊണ്ട ആളാണെന്നു പറയാം.

മാമൂൽ സമൂഹം തകർച്ചയെ നേരിടുമ്പോഴാണ് പ്രണയം ഉണ്ടാവുന്നത്. അതിനാൽ തന്നെ പ്രണയത്തെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളായ ചതി, നൈരാശ്യം, ആത്മഹത്യ, കൊലപാതകം, മടുപ്പ് എല്ലാം ഇതിനൊപ്പമുണ്ട്. ഭ്രാന്തിനെ പ്രണയനിരാശ മൂലം ഉണ്ടാകുന്ന ഒരു രോഗമായിട്ടാണ് മുൻപ് കണ്ടിരുന്നത്.

അതിരുകൾ മറികടക്കാനും അകലങ്ങൾ കുറക്കാനുമുള്ള പ്രണയത്തിന്റെ ശേഷി മിശ്രവിവാഹം പോലുള്ള കലർപ്പുകളെ സാധ്യമാക്കുന്നു. കുടുംബത്തിൽ നിന്നും സമുദായത്തിൽനിന്നുമുള്ള പുറന്തള്ളൽ, മോറൽ പൊലീസിങ്, ദുരഭിമാന കൊലകൾ എന്നിവ പ്രണയികൾക്കു നേരെ ഉയരുന്ന സ്ഥാപനവൽകൃത ഹിംസയുംടെ രൂപങ്ങളാണ്. 'വാലെന്റൈൻസ് ഡേ' ആഘോഷിക്കുന്നതിനെ ഹിന്ദുത്വ സംഘടനകൾ തടസപ്പെടുത്തുകയും, അവരുടെ ഭരണകൂടങ്ങൾ നിരോധനം ഏർപെടുത്തുന്നതും പതിവായി മാറിക്കഴിഞ്ഞു. പ്രണയത്തോടുള്ള വെറുപ്പിനൊപ്പം, ഭാരതീയമായ സാംസ്കാരിക ഭദ്രതയെ ദുഷിപ്പിക്കുന്ന ഒരു വൈദേശിക സാംസ്കാരിക പകർച്ചവ്യാധി ആയും അവർ ഇത്തരം ആനന്ദവേളകളെ ചിത്രീകരിക്കുന്നു.

പഴയകാല യൂറോപ്പിൽ കന്യാ മാതാവിന്റെ വിശുദ്ധിക്ക് തുല്യമായ ചാരിത്ര്യ ശുദ്ധിയാണ് വെള്ളക്കാരികളായ സ്ത്രീകൾക്ക് കുലീന സമുദായം കല്പിച്ചത്. ഈ വിശുദ്ധിക്ക് ഭീഷിണിയായി അഭിസാരികയും അവളുടെ കൂട്ടാളികളായി സാത്താന്റെ പതിപ്പുകൾ പോലുള്ള വിടന്മാരും വഷളന്മാരും ഉണ്ടായിരുന്നു. ഇവർക്കും പുറത്തായിരുന്നു കറുത്തവരും ജിപ്സികളും പോലുള്ള അപര സ്ത്രീപുരുഷന്മാർ. ഇവരുടെ പ്രണയസാന്നിധ്യത്തെ പിശാച് ബാധയായിട്ടാണ് മേലാളർ കണ്ടത്. കുലീനർക്കു പ്രണയത്തിൽ ഏർപ്പെടാൻ യുദ്ധത്തിന് സമാനമായ വ്യക്തിപരമായ ത്യാഗങ്ങൾ അനുഷ്ടിക്കേണ്ടിവന്നു. പ്രണയവും യുദ്ധവുമായി കണ്ണിചേരുന്ന സാഹിത്യപ്രമേയങ്ങൾ ഇപ്രകാരമാണ് ചരിത്രത്തിന്റെ ഭാഗമായത്.

മുൻകാലത്ത്, സവർണ്ണ സ്ത്രീകൾ പാതിവൃത്യം ശീലിക്കുകയായിരുന്നു പ്രണയത്തെ നിയന്ത്രിക്കാനുള്ള ഉപാധി. ഇതിനു സമാന്തരമായി 'പുലപ്പേടി' 'മണ്ണാപ്പേടി' പോലുള്ള അപര ഭയം രൂപപെടുത്തിയതിനോടൊപ്പം ഭ്രഷ്ട്ടും കല്പിക്കപ്പെട്ടു.

ആധുനികതയിൽ സവർണ്ണ സദാചാര പുരുഷനും സ്ത്രീയും കേന്ദ്രത്തിൽ വന്നതോടെ പാതിവൃത്യം കീഴാളരുടെ ബാധ്യതയായി മാറി. തകഴിയുടെ 'ചെമ്മീനിൽ' മിശ്രപ്രണയത്തിന്റെ കലർപ്പ് ഒഴിവാക്കാൻ അരയസമുദായ സ്ത്രീയുടെ പാതിവൃത്യത്തെ സംബന്ധിച്ച പുതിയൊരു പുരാവൃത്തം കെട്ടിച്ചമക്കുന്നു. 'രണ്ടിടങ്ങഴിയിൽ' ദളിത് സ്ത്രീപുരുഷന്മാരുടെ മേന്മക്കു കാരണം അവർ പാതിവൃത്യം അനുശീലിക്കുന്നതാണ്. യൂണിയൻ പ്രവർത്തകർ ആകുന്നതിലൂടെ അവർ പ്രണയം, ലൈംഗീകത എല്ലാം മറന്നു പോകുന്നു.

ഉപഭോഗ സമൂഹം നിലവിൽ വന്നതോടെ പ്രണയവും ലൈംഗീകതയുമെല്ലാം വിപണിക്ക് വിധേയമായി എന്ന് വിലപിക്കുന്നവരാണ് കേരളത്തിലെ പുരോഗമനകാരികളിൽ അധികവും.

ഒരുപക്ഷെ, വ്യവസ്ഥാപിത സമൂഹം ഏറ്റവുംകൂടുതൽ ഭയപ്പെടുന്നത് പ്രണയത്തെയും ലൈംഗികതയും ആയിരിക്കില്ല. മറിച്ചു, 'അലൈംഗികതയുടെ' സാന്നിധ്യത്തെ ആണെന്ന് തോന്നുന്നു. പ്രണയത്തെയും മറ്റും മെരുക്കാൻ കഴിയും. അലൈംഗീകതയെ ഇപ്രകാരം പറ്റില്ലെന്നതാണ് പ്രശ്നം.

ബുദ്ധിജീവികളായ സ്ത്രീകളെ മെരുക്കാൻ പ്രയാസമുള്ളവർ എന്ന നിലയിൽ അലൈംഗീക വസ്തുക്കളായി കരുതിയിരുന്നതായി ഫെമിനിസ്റ്റ് നിരീക്ഷണങ്ങൾ ഉണ്ട്. കണ്ണട വെച്ചവർ, നീണ്ട കുപ്പായം ധരിച്ചവർ, മതബോധമുള്ളവർ ഇവരും മേല്പറഞ്ഞതരം വെറുപ്പിന് കരണക്കാരായി. മിഷനറി കൃതികളിൽ തദ്ദേശീയ ജനതകൾ അലൈംഗീകമായാണ് പ്രതിപാദിക്കപ്പെട്ടതു. കോളനി സാഹിത്യത്തിൽ അവർ അമിത ലൈംഗീകാരോ ലൈംഗീകശേഷി ഇല്ലാത്തവരോ ആയി പ്രതിനിധാനപ്പെട്ടു.

കേരളത്തിലെ ബുദ്ധിജീവി സ്ത്രീകളോടുള്ള വെറുപ്പിനും, പർദ്ദ പേടിക്കും, മുസ്ലിം സംഘടനകളോടുള്ള വിരോധത്തിനും പിന്നിൽ മെരുക്കപ്പെടാത്തതിനോടുള്ള അകൽച്ചയാണ് കാരണം. ഭിക്ഷക്കാർ, അലഞ്ഞുതിരിയുന്നവർ, ഇതര സംസ്ഥാന വേലക്കാർ, വിവിധ കീഴാള സബ് കൽച്ചറുകൾ ഇവക്കെതിരെയുള്ള വെറുപ്പിന് കാരണവും മറ്റൊന്നല്ല.

ഒരുപക്ഷെ; മലയാള സാഹിത്യത്തിൽ ബഷീറാണ് ഭിന്ന ലൈംഗീകതയ്ക്കൊപ്പം പുറമ്പോക്കുകളെയും പ്രണയ/ ലൈംഗീക വ്യവഹാരത്തിന്റെ ഭാഗമാക്കിയത്. അദ്ദേഹം പരമ്പരാഗതമായ പ്രണയമോ കാമമോ അവരിലേക്ക് ചാർത്തുക ആയിരുന്നില്ല ചെയ്തത്. മറിച്ചു, ജീവിത പ്രലോഭനം(lust) കൊണ്ട് അവരുടെ പദവിയെ ഉയർത്തുകയാണെന്നതാണ് അതിശയം.

Read More >>