വരാപ്പുഴ കസ്റ്റഡി മരണം: എ.വി ജോര്‍ജിനെതിരെ ഹൈക്കോടതി

കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെതിരെ ഹൈക്കോടതി. കേസ് പ്രതിയായ പൊലീസ് തന്നെ...

വരാപ്പുഴ കസ്റ്റഡി മരണം: എ.വി ജോര്‍ജിനെതിരെ ഹൈക്കോടതി

കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെതിരെ ഹൈക്കോടതി. കേസ് പ്രതിയായ പൊലീസ് തന്നെ അന്വേഷിച്ചാൽ മതിയോ എന്ന് ഹൈക്കോടതി ചോദിച്ചു. എ.വി ജോര്‍ജിനെതിരെ കേസില്‍ തെളിവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹൈക്കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലെ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഹര്‍ജികളില്‍ ചൊവ്വാഴ്ച വിധി പറയും.

എസ്പിയുടെ ആര്‍ടിഎഫ് രൂപീകരണം നിയമവിരുദ്ധമല്ലേയെന്ന് ചോദിച്ച കോടതി പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് റൂറല്‍ ടൈഗര്‍ ഫോഴ്‌സ് കസ്റ്റഡിയിലെടുത്തതെന്നും ആരാഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം ആര്‍.ടി.എഫ് പ്രവര്‍ത്തിക്കുമോ ? ആരുടെയും നിര്‍ദ്ദേശമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ആര്‍.ടി.എഫ് പ്രവര്‍ത്തിക്കാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്നും കോടതി പരിഹസിച്ചു.

എന്നാല്‍ ആരെയും കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്.പി നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും പൊലീസ് സംഘത്തെ സ്ഥലത്തേക്ക് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.ഈ സാഹചര്യത്തില്‍ എ.വി ജോര്‍ജിനെ കേസില്‍ പ്രതിചേര്‍ക്കാനാകില്ലെന്നും അദ്ദേഹത്തെ സംരക്ഷിക്കേണ്ടകാര്യം സര്‍ക്കാരിനില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ആര്‍.ടി.എഫ് രൂപവത്കരണവുമായി ബന്ധപ്പെട്ട് റൂറല്‍ എസ്.പിക്കെതിരെ അച്ചടക്ക നടപടി തുടരുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

Story by
Read More >>