യുവാക്കൾക്ക് അഭിപ്രായം പറയാം എന്നാൽ അതിരുവിടരുതെന്ന് വയലാർ രവി

Published On: 4 Jun 2018 10:30 AM GMT
യുവാക്കൾക്ക് അഭിപ്രായം പറയാം എന്നാൽ അതിരുവിടരുതെന്ന് വയലാർ രവി

തിരുവനന്തപുരം: കോൺ​ഗ്രസിലെ യുവാക്കളുടെ കലാപത്തെ തള്ളി വയലാർ രവി. യുവാക്കള്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത് അതിരുവിടരുതെന്ന് വയലാര്‍ രവി. തങ്ങളും വൃദ്ധരാകുമെന്ന് ചെറുപ്പക്കാര്‍ ഓര്‍ക്കണമെന്നും വയലാര്‍ രവി പറഞ്ഞു.

പി ജെ കുര്യന് ആദ്യം സീറ്റ് വാങ്ങി നല്‍കിയത് താനാണെന്ന് വയലാര്‍ രവി പറഞ്ഞു. കെ മുരളീധരന്‍, വി എം സുധീരന്‍ എന്നിവരുടെ ഗ്രൂപ്പിസമല്ല കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതിലും വലിയ ഗ്രൂപ്പുകള്‍ എഴുപതുകളില്‍ ഉണ്ടായിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളാണ് പാര്‍ട്ടിയുടെ കരുത്ത്. സിപിഐഎമ്മിനെ പോലെ കേഡര്‍ പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്നും വയലാര്‍ രവി പറഞ്ഞു.

ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് വീണ്ടും മത്സരിക്കാന്‍ ശ്രമിക്കുന്ന പി ജെ കുര്യനെതിരെ യുവ നേതാക്കള്‍ രംഗത്ത് വന്നിരുന്നു. പി ജെ കുര്യന്‍ സ്വയം വിരമിക്കാനുള്ള അവസരമായി ഇത് കണക്കാക്കണമെന്ന് വി ടി ബല്‍റാം ആവശ്യപ്പെട്ടു. സ്ഥാനമാനങ്ങളും പാർട്ടി നേതൃത്വവും ഫിക്സഡ് ഡെപ്പോസിറ്റായി കാണരുതെന്ന് ഷാഫി പറമ്പിലും പാർട്ടിയെ വൃദ്ധസദനമായി കാണരുതെന്ന് റോജി എം ജോണും പറഞ്ഞിരുന്നു.

അനില്‍ അക്കര, ഹൈബി ഈഡന്‍, എന്നിവരും പി ജെ കുര്യന്‍ മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. യുവ നേതൃത്വത്തിന് പിന്തുണയുമായി കെ സുധാകരന്‍, കെ മുരളീധരന്‍ എന്നീ മുതിര്‍ന്ന നേതാക്കളും രംഗത്ത് വന്നിരുന്നു.

Top Stories
Share it
Top