മുഖ്യമന്ത്രിയെ വെല്ലുവിളിച്ച്  കോണ്‍ഗ്രസ്സ് ;  പ്രതിപക്ഷ എം എല്‍ എ മാരില്‍ തീവ്രവാദികളുണ്ടെങ്കില്‍ ജയിലില്‍ അടക്കണമെന്ന് വിഡി സതീശന്‍

Published On: 2018-06-07T15:30:00+05:30
മുഖ്യമന്ത്രിയെ വെല്ലുവിളിച്ച്  കോണ്‍ഗ്രസ്സ് ;  പ്രതിപക്ഷ എം എല്‍ എ മാരില്‍ തീവ്രവാദികളുണ്ടെങ്കില്‍ ജയിലില്‍ അടക്കണമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: പ്രതിപക്ഷത്തെ ഏതെങ്കിലും എം.എൽ.എയ്ക്ക് തീവ്രവാദ ബന്ധമുണ്ടെങ്കിൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ വെല്ലുവിളിക്കുകയാണെന്ന് വി.ഡി. സതീശൻ എം.എൽ.എ. ആലുവ എടത്തല സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സതീശൻ.

പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ വന്നപ്പോൾ പ്രശ്നത്തെ വഴി തിരിച്ചുവിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ആലുവ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കല്ല എന്ന് പറഞ്ഞതിന്റെ അർത്ഥം മുഖ്യമന്ത്രി വിശദീകരിക്കണം. മഫ്തിയിലുള്ള പൊലീസുകാർ സഞ്ചരിച്ച വാഹനം തന്റെ വാഹനത്തിൽ ഉരസിയപ്പോൾ പ്രതികരിച്ചതിനാണ് ഉസ്മാൻ എന്നയാളെ ക്വട്ടേഷൻസംഘം പ്രവർത്തിക്കുന്നത് പോലെ പൊലീസ് ക്രൂരമായി മർദ്ദിച്ചത്.

ആലുവ എം.എൽ.എ അൻവർ സാദത്തിനോടും വളരെ മോശമായ ഭാഷയിലാണ് പൊലീസ് സംസാരിച്ചത്. കോൺഗ്രസും ലീഗും അടക്കമുള്ള കക്ഷികൾ അവിടെ പ്രതിഷേധ പ്രകടനം നടത്തി. പല സംഘടനകളും പ്രതിഷേധിച്ച കൂട്ടത്തിൽ ബസ് കത്തിക്കൽ കേസിലെ പ്രതി ഇസ്മായിലും ഉണ്ടായിട്ടുണ്ടാവും. ബസ് കത്തിച്ച സംഘടനയുടെ പ്രസിഡന്റിനെ കാത്തല്ലേ മുഖ്യമന്ത്രി കുറ്റിപ്പുറത്തും തിരുവനന്തപുരത്തും മണിക്കൂറുകളോളം കാത്തിരുന്നത്. ചെങ്ങന്നൂരിൽ എസ്.ഡി.പി.ഐയുമായി ധാരണയുണ്ടാക്കാൻ നേതൃത്വം കൊടുത്തതും മുഖ്യമന്ത്രിയാണ്. എന്നിട്ടാണ് എസ്.ഡി.പി.ഐക്കാരെ കോൺഗ്രസിന് മേൽ ചാരാൻ നോക്കുന്നത്. അസംബന്ധം വിളിച്ചുപറയാൻ ആരും മുഖ്യമന്ത്രിക്ക് ലൈസൻസ് കൊടുത്തിട്ടില്ല. അത് കേട്ട് സീറ്റിലിരിക്കാൻ പ്രതിപക്ഷത്തിന് കഴിയില്ല. കാറ്റത്തഴിച്ചുവിട്ട പട്ടം പോലെ പൊലീസ് തോന്നിയ വഴിക്ക് നീങ്ങുകയാണെന്നും സതീശൻ പറഞ്ഞു.

പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ സ്തംഭിപ്പിച്ച ശേഷം പ്രതിപക്ഷ നേതാക്കൾക്കൊപ്പം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top Stories
Share it
Top