ചെങ്ങന്നൂരില്‍ ആര്‍ക്കൊപ്പമെന്ന് 20ന് പ്രഖ്യാപിക്കുമെന്ന് എസ്എന്‍ഡിപി; 20ന് ശേഷം പ്രചരണത്തിനിറങ്ങുമെന്നും വെള്ളാപ്പള്ളി

Published On: 15 May 2018 10:30 AM GMT
ചെങ്ങന്നൂരില്‍ ആര്‍ക്കൊപ്പമെന്ന് 20ന് പ്രഖ്യാപിക്കുമെന്ന് എസ്എന്‍ഡിപി; 20ന് ശേഷം പ്രചരണത്തിനിറങ്ങുമെന്നും വെള്ളാപ്പള്ളി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ ആര്‍ക്കൊപ്പമെന്ന എസ്എന്‍ഡിപി യോഗത്തിന്റെ നിലപാട് 20ന് പ്രഖ്യാപിക്കുമെന്ന് യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അതിന് ശേഷം എസ്.എൻ‍.ഡി.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങും. തെരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിക്കുമെന്ന നിലപാട് സ്വീകരിക്കുന്നതിനായി ചേര്‍ത്തലയില്‍ ചേര്‍ന്ന എസ്എന്‍ഡിപി കൗണ്‍സില്‍ യോഗം ഇതിനായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയായിരിക്കും തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പമെന്ന അന്തിമ നിലപാട് കൈക്കൊള്ളുക. വെള്ളാപ്പള്ളി നടേശനെ കൂടാതെ യോഗം പ്രസിഡന്റ് ഡോ എംഎന്‍ സോമന്‍, കൗണ്‍സിലര്‍ പ്രസാദ് എന്നിവരും സമിതിയില്‍ അംഗങ്ങളാണ്. നിലപാട് 20ന് പ്രഖ്യാപിക്കും.

എല്ലാ മുന്നണികളോടും നിലവില്‍ സമദൂര സിദ്ധാന്തം പാലിക്കുന്ന എസ്എന്‍ഡിപി സമുദായത്തോട് കൂടുതല്‍ കൂറുപുലര്‍ത്തുന്നവര്‍ക്കൊപ്പമായിരിക്കും നിലകൊള്ളുക. ചെങ്ങന്നൂരിലെ പ്രവര്‍ത്തകരുടെ വികാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം. 20ന് നിലപാട് പ്രഖ്യാപിച്ച ശേഷം എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ ചെങ്ങന്നൂരില്‍ പ്രചരണത്തിനിറങ്ങും.

യുഡിഎഫ് നല്‍കിയതിനേക്കാള്‍ കൂടുതല്‍ പരിഗണന എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയെന്ന് പറഞ്ഞ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഇടത് പക്ഷം മുന്നില്‍ നില്‍ക്കുന്നുവെന്ന നിലപാട് ആവര്‍ത്തിച്ചു.

Top Stories
Share it
Top