കാലവര്‍ഷക്കെടുതിയില്‍ കിടപ്പാടം  നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കും 

Published On: 2018-06-14T19:30:00+05:30
കാലവര്‍ഷക്കെടുതിയില്‍ കിടപ്പാടം  നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കും 

കണ്ണൂർ: ഇരിട്ടി മേഖലയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും സ്ഥലവും വീടും പൂര്‍ണമായി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇരിട്ടി കിളിയന്തറ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

പൂര്‍ണമായി സ്ഥലവും വീടും തന്നെ ഒലിച്ചുപോയ 15 ഓളം പേര്‍ ഇരിട്ടി മേഖലയിലുണ്ടെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തില്‍പ്പെട്ടവരില്‍ ഭൂമിയില്ലാത്തവരുടെ കാര്യവും പരിഗണിക്കും. ചില സംഘടനകളും ഗ്രാമപഞ്ചായത്തും വീട് വെക്കുന്നതിന് ആവശ്യമായ സ്ഥലം ഉള്‍പ്പെടെ നല്‍കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചത് സന്തോഷകരമാണ്. സ്ഥലം ലഭ്യമാവുന്ന മുറയ്ക്ക് സര്‍ക്കാര്‍ വീട് വെച്ച് നല്‍കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. വീട്ടുവാടക സര്‍ക്കാര്‍ നല്‍കും.

കാലവര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും വലിയ കെടുതികള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറായി ചെയ്യുന്ന മഴ മലബാര്‍ മേഖലയിലെ ജില്ലകളെയാകെ ബാധിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ രൂക്ഷമായ കെടുതികള്‍ വയനാട്ടിലും കോഴിക്കോട്ടും കണ്ണൂരിലുമാണ്. ഇത് അര്‍ഹിക്കുന്ന ഗൗരവത്തോടെ കണ്ട് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. കാലവര്‍ഷക്കെടുതി കൈകാര്യം ചെയ്യുന്നതിന് സാമ്പത്തിക പ്രശ്‌നമില്ല. എല്ലാ ജില്ലയിലും ആദ്യഘട്ടത്തില്‍ 50 ലക്ഷം രൂപ കൊടുത്തിട്ടുണ്ട്.

അത് മതിയാകാതെ വരുന്ന മുറക്ക് ആവശ്യമായ പണം നല്‍കാന്‍ നടപടി സ്വീകരിക്കും. അടിയന്തിര ഘട്ടത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കാനും ചികിത്സാ സഹായം ലഭ്യമാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനായി എല്ലാ വകുപ്പുകളും ഉണര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ കീഴില്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുകയാണ്. താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ദുരിത ബാധിത പ്രദേശങ്ങളെക്കുറിച്ചും ദുരിത ബാധിതരെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കും. കൃഷിനാശവും വലുതാണ്.

മലയിടിച്ചിലുകള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇത്തരം പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കും. ദുരന്തബാധിത പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത് ജനങ്ങളാണെന്നും റവന്യു മന്ത്രി പറഞ്ഞു.

കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറും കിളിയന്തറയിലെ ദുരിതാശ്വാസ ക്യാമ്പും നാശനഷ്ടം സംഭവിച്ച അയ്യന്‍കുന്ന് വില്ലേജിലെ കച്ചേരിക്കടവും സന്ദര്‍ശിച്ചു. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി, സണ്ണി ജോസഫ് എം.എല്‍.എ, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, സബ് കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, ഇരിട്ടി തഹസില്‍ദാര്‍ കെ.കെ. ദിവാകരന്‍ എന്നിവരും മന്ത്രിമാരോടൊപ്പം ഉണ്ടായിരുന്നു.

Top Stories
Share it
Top