എ വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ 

Published On: 1 Jun 2018 9:30 AM GMT
എ വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ 

തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിജയരാഘവനെ കണ്‍വീനറാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. മൂന്ന് മണിക്ക് ചേരുന്ന മുന്നണി യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം.

ചെങ്ങന്നൂരിലെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നുദിവസം നീളുന്ന സി.പി.എം സംസ്ഥാന നേതൃയോഗമാണ് തിരുവനന്തപുരത്തു തുടരുന്നത്. ചെറിയാന്‍ ഫിലിപ്പ്, പി.ജെ.തോമസ് എന്നിവരെ രാജ്യസഭാ സീറ്റിലേക്കു പരിഗണിക്കുന്നുണ്ട്. മന്ത്രിസഭയിലോ വകുപ്പുകളിലോ അഴിച്ചുപണി വേണമോ എന്നതും ചര്‍ച്ച ചെയ്യും. ഇ.പി.ജയരാജന്റെ പുനഃപ്രവേശനത്തിനായി സമ്മര്‍ദം ശക്തമാണ്. രാജ്യസഭാ സീറ്റുകളുടെ വിഭജനം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം വൈകിട്ട് ചേരുന്നുണ്ട്.

പാലോളി മുഹമ്മദ് കുട്ടി ഒഴിഞ്ഞ ശേഷം 12 വര്‍ഷമായി വൈക്കം വിശ്വനാണ് കണ്‍വീനര്‍ സ്ഥാനം വഹിച്ചുവന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കണ്‍വീനര്‍ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് വിജയരാഘവന്റെ പേര് തീരുമാനിച്ചത്.

പാലക്കാട് മണ്ഡലത്തെ ലോക്‌സഭയിലും പ്രതിനിധീകരിച്ചിട്ടുണ്ട്‌. മുന്‍ രാജ്യസഭാംഗം കൂടിയായ വിജയരാഘവന്‍ ഏറെക്കാലമായി കേന്ദ്ര സെക്രട്ടേറിയറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു. കഴിഞ്ഞ തവണ കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Top Stories
Share it
Top