പള്ളിയിലെത്തുന്ന വെളിച്ചപ്പാടുകള്‍; രഥയാത്രയില്‍ പങ്കെടുക്കുന്ന മുസ്ലിംകള്‍

Published On: 9 May 2018 12:15 PM GMT
പള്ളിയിലെത്തുന്ന വെളിച്ചപ്പാടുകള്‍; രഥയാത്രയില്‍ പങ്കെടുക്കുന്ന മുസ്ലിംകള്‍

മഞ്ചേശ്വരം: മതവിശ്വാസത്തിന്റെ കാര്യമായാലും ആചാരങ്ങളുടെ കാര്യമായാലും പരസ്പരം ബഹുമാനിച്ചും ഇടപഴകിയും ജീവിക്കുന്നവരാണ് കേരളീയര്‍. മതേതര ഇന്ത്യയുടെ മുഖം സമീപകാല മത അസഹിഷ്ണുതയിലൂന്നിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ മൂലം അല്‍പം മങ്ങിയെങ്കിലും കേരളത്തിലെ സ്ഥിതി അങ്ങനെയല്ല. മതത്തിന്റെ പേരില്‍ കൊലയും ആക്രമണങ്ങളും പതിവാക്കിയ ഇന്നത്തെ സമൂഹത്തിന് കേരളത്തിലെ ഒരു ഗ്രാമം തന്നെ മാതൃകയായിരിക്കുകയാണ്.

ഇതര മതവിശ്വാസികളെ ബഹുമാനിക്കുന്നതില്‍ നിന്നും ഒരു പടി കൂടെ കടന്ന് അവരുടെ ആചാരങ്ങളില്‍ നേരിട്ട് പങ്കാളികളാവുകയാണ് ഉദ്യാവര്‍ ഗ്രാമവാസികള്‍. തിരുവനന്തപുരം ജില്ലയിലെ മഞ്ചേശ്വരത്താണ് ഉദ്യാവര്‍ ഗ്രാമം. ശ്രീ ഉദ്യാവര്‍ മരശുമഞ്ചുഷ്നാഥ് ക്ഷേത്രത്തില്‍ നടക്കുന്ന രഥയാത്രയില്‍ ഹിന്ദുക്കളുടെ ക്ഷണം സ്വീകരിച്ച് വര്‍ഷം തോറും മുസ്ലിംകള്‍ പങ്കെടുക്കുന്നു. ഹിന്ദുക്കളുടെ ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട രഥയാത്രയില്‍ മുസ്ലിംകള്‍ പങ്കെടുക്കുന്ന ഇന്ത്യയിലെ ഒരേയൊരു ഗ്രാമമായിരിക്കും ഉദ്യാവര്‍.

രഥയാത്രയില്‍ ഒതുങ്ങുന്നതല്ല ഉദ്യാവര്‍ ഗ്രാമവാസികളുടെ മതേതരത്വം. മരശുമഞ്ചുഷ്നാഥ് ക്ഷേത്രത്തില്‍ നിന്നും 100 മീറ്റര്‍ മാറിയുള്ള ജമാഅത്ത് പള്ളിയില്‍ അഞ്ചു വര്‍ഷം കൂടുംതോറും നടക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മുസ്ലിംകളും എത്തുന്നു. 30 വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന ആചാരപ്രകാരം ക്ഷേത്രത്തിലെ മൂന്നു വെളിച്ചപ്പാടുകള്‍ വിഷു കഴിഞ്ഞുള്ള ആദ്യ വെള്ളിയാഴ്ച പള്ളിയിലെത്തും. രഥയാത്രയില്‍ പങ്കെടുക്കാന്‍ പള്ളി വഴി മുസ്ലിംകളെ ക്ഷണിക്കാനാണ് വെളിച്ചപ്പാടുകളെത്തുന്നത്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തങ്ങളുടെ ആഘോഷങ്ങളില്‍ ഭാഗമാവാന്‍ ഇമാമിന്റെ നേതൃത്വത്തിലുള്ള സംഘം ഹിന്ദുക്കളെയും ക്ഷണിക്കുന്നു.

കടപ്പാട്: മിറര്‍നൗന്യൂസ്.കോം

Top Stories
Share it
Top