സര്‍വ്വകക്ഷിസംഘത്തിന് അവ​ഗണന: പ്രതികരണവുമായി സുധീരനും ഉമ്മൻ ചാണ്ടിയും

Published On: 2018-07-20T11:15:00+05:30
സര്‍വ്വകക്ഷിസംഘത്തിന് അവ​ഗണന: പ്രതികരണവുമായി സുധീരനും ഉമ്മൻ ചാണ്ടിയും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻെറ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷിസംഘത്തെ പാടെ അവഗണിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുതിർന്ന കോൺ​ഗ്രസ് നേതാക്കളായ വി.എം സുധീരനും ഉമ്മൻ ചാണ്ടിയും. നരേന്ദ്ര മോദി യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ജനങ്ങളെയാണ് അപമാനിച്ചതെന്ന് വി.എം സുധീരൻ പറഞ്ഞു. ഇതിലൂടെ മോദി സ്വയം പരിഹാസ്യനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ പ്രാഥമിക പാഠം പോലും ഉള്‍ക്കൊള്ളാതെയുള്ള ഇത്തരം 'തറവേല'കളിലൂടെ പ്രധാനമന്ത്രിസ്ഥാനത്തിന്‍റെ വിലയിടിച്ചുകൊണ്ടിരിക്കുന്ന മോദി ആസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചുവെന്നും സുധീരൻ വ്യക്തമാക്കി.

അതേസമയം അധിക റേഷൻ വിഹിതം കേരളത്തിന് അർഹതപെട്ടതാണെന്നും റേഷൻ വിഹിതത്തിൽ പ്രധാനമന്ത്രി പറഞ്ഞത് ശരിയല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ സർക്കാറിനുണ്ട്. ഭക്ഷ്യസുരക്ഷാ നിയമത്തി​​ൻെറ പേര് പറഞ്ഞ് വിഹിതം വെട്ടിക്കുറച്ചത് ഉറപ്പുകളുടെ ലംഘനമാണെന്നും അദ്ദേഹം വ്യക്​തമാക്കി

Top Stories
Share it
Top