ഇടുക്കിയിൽ ജലനിരപ്പ് 2394.28 അടി: ഡാം തുറക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ ഓറഞ്ച് അലർട്ട് ജാഗ്രതാനിർദേശം നൽകാൻ തീരുമാനം. ഡാം തുറക്കുന്നതിനു മുന്നോടിയായി ചെറിതോണി...

ഇടുക്കിയിൽ ജലനിരപ്പ് 2394.28 അടി: ഡാം തുറക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ ഓറഞ്ച് അലർട്ട് ജാഗ്രതാനിർദേശം നൽകാൻ തീരുമാനം. ഡാം തുറക്കുന്നതിനു മുന്നോടിയായി ചെറിതോണി താഴ്ഭാഗത്ത് പുഴയിൽ വെള്ളം ഒഴുക്കാൻ ജെസിബി ഉപയോഗിച്ച് മണ്ണു നീക്കം ആരംഭിച്ചു. ഇന്നു വൈകിട്ട് അഞ്ചിനു രേഖപ്പെടുത്തിയ കണക്കനുസരിച്ച് 2394.28 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇന്നു വൈകിട്ട് അഞ്ചു വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് രേഖപ്പെടുത്തിയത് 92.30 മില്ലിമീറ്റർ മഴയാണ്. നിലവിലെ സ്ഥിതിയനുസരിച്ച് ഇന്നു വൈകിട്ടോടെ ഓറഞ്ചു അലർട്ട് ജാഗ്രതാ നിർദേശം നൽകാൻ സാധ്യതയുണ്ട്.

2403 അടി സംഭരണശേഷിയുള്ള അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയെത്തിയാൽ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്താൻ ഇന്നലെ വൈകിട്ട് ഇടുക്കി ജില്ലാ കളക്ടർ കെ. ജീവൻ ബാബുവിന്റെ നേതൃത്വത്തിൽ ചേർന്ന ഇന്നത ഉദ്യേഗസ്ഥരുടെ യോഗം തീരുമാനിച്ചു. നിലവിലെ സ്ഥിതി തുടർന്നാൽ ആറു ദിവസത്തിനുള്ളിൽ അണക്കെട്ടു തുറക്കേണ്ടി വരുമെന്നാണ് അധികൃതരുടെ നിഗമനം. എന്നാൽ മഴ വീണ്ടും ശക്തിപ്രാപിച്ചാൽ കാര്യങ്ങൾ പ്രവചനാതീതമാകുമെന്നും ഉദ്യോഗസ്ഥർ വിലയിരുത്തി.

ജലനിരപ്പ് 2390 അടിയിലെത്തിയപ്പോൾ ആദ്യ ജാഗ്രതാ നിർദേശം ജില്ലാ ഭരണകൂടം കഴിഞ്ഞ വ്യാഴാഴ്ച നൽകിയിരുന്നു.വെള്ളം തുറന്നു വിടുകയാണെങ്കിൽ അണക്കെട്ടിനു താഴ് വാരത്തുള്ള എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലെ തടസങ്ങൾ എന്തൊക്കെയാണെന്നും മനസിലാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ സർവെ നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.

വെള്ളം ഒഴുക്കുന്നതു ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളുയർത്തിയാണ്. ചെറുതോണി പുഴയിലൂടെ പെരിയാറിലേക്കു വെള്ളമെത്തും. ഇവിടെന്നും ലോവർപെരിയാറിലും ഭൂതത്താൻ അണക്കെട്ടിലും വെള്ളം എത്തി ആലുവ പുഴയിലൂടെ ആയിരിക്കും വെള്ളം അറബിക്കടലിൽ പതിക്കുക. വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരു വശങ്ങളിലും 100 മീറ്ററിനുളളിലുളള കെട്ടിടങ്ങളെ സംബന്ധിച്ച വിവരം ദുരന്തനിവാരണ അതോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹചിത്രങ്ങളിൽ നിന്ന് തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പ്രാദേശികമായി ഈ കെട്ടിടങ്ങളിൽ താമസിക്കുന്നവരെക്കുറിച്ചുളള വിവരമാണ് അടിയന്തരമായി ശേഖരിക്കുന്നത്.

റവന്യൂ, ജലവിഭവ വകുപ്പുകളും കെ.എസ്.ഇ.ബിയും ചേർന്നാണ് സർവെ നടത്തുന്നത്. പ്രാഥമികഘട്ടമായി ഇന്നലെ ഇടുക്കി തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം ചെറുതോണി അണക്കെട്ടിന്റെ താഴ് വാരത്തുനിന്നും ലോവർപെരിയാർ അണക്കെട്ടുവരെയുള്ള പെരിയാറിന്റെ ഒഴുക്കുപ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിവിവര കണക്കുകൾ ശേഖരിച്ചിരുന്നു. ഏകദേശം 400 വീടുകളെ അണക്കെട്ടു തുറന്നുവിട്ടാലുണ്ടാകുന്ന വെള്ളപ്പൊക്കം ബാധിക്കുമെന്ന് കരുതുന്നതായി റവന്യു അധികൃതർ ജില്ലാ കളക്ടർക്കു റിപ്പോർട്ടു നൽകിയിട്ടുണ്ട്. ചെറുതോണി പാലവും തടിയമ്പാട് ചപ്പാത്തും വെള്ളപ്പാച്ചിലിൽ തകരാനിടയുണ്ട്. 50 ഓളം കുടുംബങ്ങളെ മൂന്നാമത്തെ ജാഗ്രതാ നിർദേശത്തിനു മുന്നോടിയായി മാറ്റിപ്പാർപ്പിക്കേണ്ടിയും വന്നേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏതാണ്ട് 30 കിലോമീറ്റർ ദൂരപരിധിയിലാണ് പരിശോധന നടത്തിയത്. എന്നാൽ നിയന്ത്രിതമായ തോതിൽ അണക്കെട്ടിൽനിന്നു വെള്ളം തുറന്നുവിട്ടാൽ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടാവാനിടയില്ലെന്നാണ് പ്രാഥമിക നിഗമനം. വെള്ളമൊഴുക്ക് ക്രമാതീതമായാൽ 100 മീറ്ററോളം വീതിയിൽ പരന്നൊഴുകുന്ന വെള്ളം നദീ തീരങ്ങളിലുള്ള കൃഷിയിടങ്ങളാകും തകർത്തെറിയുന്നത്.

കഴിഞ്ഞവർഷം ഇതേ ദിവസങ്ങളിൽ ഇടുക്കി ഡാമിൽ 2319 അടി വെള്ളമാണ് ഉണ്ടായിരുന്നത്.
ഇതിന് മുമ്പ് 1992ലാണ് ഇടുക്കി അണക്കെട്ട് തുറന്നുവിട്ടത്. ഈ സീസണിൽ ഇടുക്കിയിൽ 192.3 സെന്റിമീറ്റർ മഴ ലഭിച്ചു. ദീർഘകാല ശരാശരിയെ അപേക്ഷിച്ച് 49 ശതമാനം കൂടുതലാണിത്.

Read More >>