കാട്ടാനക്കലിയിൽ വിറങ്ങലിച്ച് ഇടുക്കി

ഇടുക്കി: ജില്ലയിലെ വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളിൽ കാട്ടാനകളുടെ കൊലവിളിയിൽ നിരവധി ജീവനുകൾ ഹോമിക്കപ്പെട്ടിട്ടും അധികൃതർക്ക് നിസംഗഭാവമെന്ന്...

കാട്ടാനക്കലിയിൽ വിറങ്ങലിച്ച് ഇടുക്കി

ഇടുക്കി: ജില്ലയിലെ വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളിൽ കാട്ടാനകളുടെ കൊലവിളിയിൽ നിരവധി ജീവനുകൾ ഹോമിക്കപ്പെട്ടിട്ടും അധികൃതർക്ക് നിസംഗഭാവമെന്ന് ആരോപണം.

ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളിലും തോട്ടം മേഖലകളിലും കാട്ടാനക്കൂട്ടങ്ങളുടെ ആക്രമണത്തിൽ 20 വർഷത്തിനിടെ 37 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ടു ദിവസം മുൻപ് രാജാപ്പാറമെട്ട് ജംഗിൾ പാലസ് റിസോർട്ടിലെ ജീവനക്കാരൻ കുമാർ കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. പുലർച്ചെ ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം തമിഴ്നാട്ടിൽപോയി മടങ്ങി വരുന്നതിനിടെയായിരുന്നു കാട്ടാന ആക്രമണം. ഈ മേഖലയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

2002-ൽ പ്രദേശത്ത് ആദിവാസി പുനരധിവാസ പദ്ധതി നടപ്പിലാക്കിയതോടെയാണു ആനകളും മനുഷ്യരുമായുള്ള സംഘർഷം പ്രധാനമായും ആരംഭിച്ചത്. ആനത്താരകളിൽ റിസോർട്ടുകൾ ഉയരുകയും ലോക വിനോദസഞ്ചാര കേന്ദ്രമായി ആനയിറങ്കൽ മേഖലയും സമീപപ്രദേശങ്ങളും മാറുകയും ചെയ്തതോടെ കൈയേറ്റങ്ങൾ വർധിച്ചു. ജനവാസ മേഖല വികസിക്കുകയും കൃഷിയിടങ്ങൾ വേലികെട്ടി തിരിക്കുകയും ചെയ്തതോടെ കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി അക്രമാസക്തരാക്കുകയായിരുന്നു.

രണ്ടു പതിറ്റാണ്ടിനിടയിൽ 37 മനുഷ്യരുടെ ജീവനാണ് നഷ്ടമായത്. ഒരുവർഷത്തിനിടെ അഞ്ചുപേർക്ക് ജീവൻ നഷ്ടമായി. ഇതിൽ നാലുപേരും മൂലത്തറ, സിങ്കുകണ്ടം, ചിന്നക്കനാൽ ഭാഗങ്ങളിലാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞയാഴ്ച സിങ്കുകണ്ടത്ത് പെട്ടിമുടി ഞാവൽമറ്റം തങ്കച്ചനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. കഴിഞ്ഞ 29-ന് സഹോദരൻമാർ സഞ്ചരിച്ച ബൈക്ക് തോണ്ടിമലയിൽ കാട്ടാന ആക്രമിച്ചിരുന്നു. രാത്രിയിൽ ദേശീയപാതയിൽ നിന്ന കാട്ടാന ബൈക്ക് പിന്നിൽനിന്ന് പിടിച്ചുനിർത്തുകയായിരുന്നു. മറിഞ്ഞുവീണ സഹോദരൻമാർ വാഹനമിട്ട് ഇറങ്ങി ഓടി രക്ഷപെട്ടതാണ് ഇതിനു തൊട്ടുമുമ്പുണ്ടായ ആക്രമണം.

ജൂണ്‍ 16-ന് കാട്ടാനയുടെ ആക്രമണത്തിൽ വാച്ചർ മരിച്ച സംഭവത്തെതുടർന്ന് മൃതദേഹവുമായി ജനങ്ങൾ അഞ്ചുമണിക്കൂറോളം ദേശീയ പാത ഉപരോധിച്ചിരുന്നു. ഇതേതുടർന്ന് കാട്ടാനകളെ നിരീക്ഷിക്കാൻ ദ്രുത പ്രതികരണ സേനയേയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. എന്നാലും കാട്ടാന ആക്രമണങ്ങൾ തുടർക്കഥയാകുകയാണ്. വനാതിർത്തികളിൽ വൈദ്യുതി വേലി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് ഇതു വരെയും അനുകൂല നടപടി ഉണ്ടായിട്ടില്ല.

Story by
Read More >>