വനിത കമ്മീഷന്‍ ചെയര്‍പേഴ്സന് നേരെയും സൈബര്‍ വേട്ട

Published On: 27 July 2018 8:30 AM GMT
വനിത കമ്മീഷന്‍ ചെയര്‍പേഴ്സന് നേരെയും സൈബര്‍ വേട്ട

കോഴിക്കോട് : കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനും കുടുംബത്തിനുമെതിരെയും സൈബര്‍ വേട്ട. സാമൂഹിക മാധ്യമങ്ങള്‍ വഴി കടുത്ത ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ കോഴിക്കോട് നടന്ന വനിതാ കമ്മീഷന് സിറ്റിങ്ങിനെ കുറിച്ചാണ് കമന്റുകള്‍.

സിറ്റിങിന് ശേഷം നടന്ന പത്ര സമ്മേളനത്തില്‍ ജോസഫൈന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചാണ് സൈബര്‍ ആക്രമണം നടക്കുന്നത്. കടുത്ത അശ്ലീലം കലര്‍ന്ന കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവത്തില്‍ ജോസഫൈന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കുമ്പസാര വിഷയത്തിലും ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലും കമ്മീഷനോട് മാധ്യമ പ്രവര്ത്തകര് ചോദ്യങ്ങള് ചോദിച്ചിരുന്നു. ഇത് രണ്ടും സമൂഹത്തില്‍ കാലങ്ങളായി നടന്നുവരുന്ന ആചാരങ്ങളാണെന്നും അതിനെ കുറിച്ച് സമൂഹം തന്നെ ചര്ച്ച ചെയ്യട്ടെ എന്ന നിലപാടാണ് ജോസഫൈന് സ്വീകരിച്ചത്.

കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല് അഭിപ്രായ പ്രകടനം നടത്താനില്ലന്നും ജോസഫൈന് വ്യക്തമാക്കിയിരുന്നു. ചില ചാനലുകലില്‍ വന്ന വാര്‍ത്തകളുടെ ലിങ്കുകള്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെയാണ് അശ്ലീല കമന്റുകളിലൂടെ ഒരു സംഘം ആക്രമണം തുടങ്ങിയത്.

ജോസഫൈന്റെ മകളെയും കുടുംബാംഗങ്ങളെയും വളരെ മോശമായി ചിത്രീകരിക്കുന്നതാണ് കമന്റുകളില്‍ ഭൂരിപക്ഷവും. കഴിഞ്ഞ ദിവസം ഹനാന്‍ എന്ന പെണ്കുട്ടിയെ സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമിച്ചവര്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ശക്തമായ നിലപാടുമായി വനിതാ കമ്മീഷന് രംഗത്ത് വന്നിരുന്നു. ഇതും ജോസഫൈനെതിരെ സൈബര് ആക്രമണത്തിന് കാരണമായിട്ടുണ്ട്.

സൈബര്‍ ആക്രമണത്തില്‍ പങ്കാളികളായ മുഴുവന്‍ ക്രിമിനലുകളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ വനിതാ കമ്മീഷന്‍ സ്വീകരിക്കുമെന്ന് അംഗം അഡ്വ. എം.എസ്. താര തത്സമയത്തോട് പറഞ്ഞു. രാജ്യത്തെ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങളാണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. കേരള സമൂഹം ഇത്രത്തോളം അധപ്പതിച്ചതില്‍ ദുഖമുണ്ടെന്നും അവര്‍ പറഞ്ഞു.

Top Stories
Share it
Top