കണ്ണൂരിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച യുവതി അറസ്റ്റിൽ

Published On: 4 July 2018 8:30 AM GMT
കണ്ണൂരിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച യുവതി അറസ്റ്റിൽ

കണ്ണ‌ൂർ: പഴയങ്ങാടിയില്‍ പോലീസ്‌റ്റേഷനില്‍ കയറി എസ്‌ഐയേയും വനിതാ സിവില്‍ പോലീസ് ഓഫീസറേയും ആക്രമിച്ച യുവതി അറസ്റ്റിൽ.
കാസര്‍കോട് ഉദുമ ബാരയിലെ കെ. ദിവ്യയാണ് അറസ്റ്റിലായത്. ഉച്ചയ്ക്കായിരുന്നു സംഭവം.

പഴയങ്ങാടി സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ബിനുമോഹന്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ലീന എന്നിവരെയാണ് ദിവ്യ ആക്രമിച്ചത്. പഴയങ്ങാടി സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറുടെ മുറിക്കകത്ത് കയറിയ ദിവ്യ തടയാൻ ശ്രമിച്ച സിവില്‍ പോലീസ് ഓഫീസര്‍ ലീനയെ തള്ളിമാറ്റി. തുടര്‍ന്ന് ബിനുമോഹന്റെ യൂണിഫോമില്‍ പിടിച്ചുവലിച്ച് അടിക്കുകയും പേപ്പര്‍ വെയ്‌റ്റെടുത്ത് എറിയുകയും ചെയ്തു.

ഏറുകൊണ്ട് സ്റ്റേഷനിലെ അലമാരയുടെ ചില്ലുകള്‍ തകര്‍ന്നു. ബിനുമോഹനും ലീനയ്ക്കും പരിക്കേറ്റു. ദിവ്യക്കെതിരെ എസ്‌ഐയേയും വനിതാ പോലീസിനെയും കൈയേറ്റം ചെയ്യല്‍, ഓഫീസില്‍ അതിക്രമിച്ച് കടക്കല്‍, ഉപകരണങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കുടുംബവഴക്കുമായി ബന്ധപ്പെട്ട് ദിവ്യയ്‌ക്കെതിരെ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ കേസുണ്ട്. അന്ന് തളിപ്പറമ്പ് സ്റ്റേഷനിലെ എസ്‌ഐ ആയിരുന്നു ബിനുമോഹന്‍. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞാണ് ദിവ്യ പഴയങ്ങാടി സ്റ്റേഷനിലെത്തിയത്. എന്നാല്‍, പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതിനാല്‍ വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേ സംസാരിക്കാന്‍ സാധിക്കൂവെന്ന് ബിനുമോഹന്‍ അറിയിച്ചു. ഇതോടെയാണ് ദിവ്യ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്നത്.

Top Stories
Share it
Top