ആരാധനാലയങ്ങളില്‍ പ്രസാദവിതരണത്തിന് ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് വേണം

Published On: 2018-08-10T09:30:00+05:30
ആരാധനാലയങ്ങളില്‍ പ്രസാദവിതരണത്തിന് ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് വേണം

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ പ്രസാദവിതരണത്തിന് ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കി ഭക്ഷ്യസുരക്ഷാ കമ്മീഷൻ. 2018 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഭക്തജനങ്ങള്‍ക്കായി പ്രത്യേക കൗണ്ടറുകളില്‍ കൂടി പ്രസാദങ്ങള്‍ വില്‍പ്പന നടത്തുന്നതിന് 2006 ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ചും 2011 ലെ ഭക്ഷ്യസുരക്ഷാ (ലൈസന്‍സിങ് ആൻഡ് രജിസ്‌ട്രേഷന്‍) റെഗുലേഷന്‍ അനുസരിച്ചുമുള്ള ലൈസന്‍സോ രജിസ്‌ട്രേഷനോ നിര്‍ബന്ധമായി നേടിയിരിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

ആരാധനാലയങ്ങളില്‍ ഭക്തജനങ്ങള്‍ക്കായി വില്‍പ്പന നടത്തുന്ന പ്രസാദമുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഗുണനിലവാരം കാത്തു സൂക്ഷിക്കണം. പ്രസാദ നിര്‍മ്മാണത്തിനായി വാങ്ങുന്ന അസംസ്‌കൃത ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമേ വാങ്ങാവൂ എന്നും അവയുടെ ബില്ലുകളും വൗച്ചറുകളും കൃത്യമായി സൂക്ഷിക്കേണ്ടതാണെന്നും കമ്മീഷണര്‍ അറിയിച്ചു.

ഭക്ഷണം തയ്യാറാക്കുന്ന ഇടങ്ങളിലും സ്റ്റോര്‍ റൂമുകളിലും നിയമാനുസൃതമായുള്ള സുരക്ഷകള്‍ പാലിക്കേണ്ടതും വൃത്തിയും ശുചിത്വവും പാലിക്കപ്പെടുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. ഭക്ഷ്യവസ്തുക്കള്‍ പാചകം ചെയ്യുന്നതിനും ഭക്തര്‍ കുടിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമായിരിക്കണം. നിശ്ചിത ഇടവേളകളില്‍ ജലത്തിന്റെ പരിശോധന നടത്തി പാനയോഗ്യമാണെന്ന സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

Top Stories
Share it
Top