ഭീഷണിയുടെ പേരില്‍ എഴുത്ത് നിറുത്തരുത് ; മന്ത്രി സുധാകരൻ

Published On: 22 July 2018 10:00 AM GMT
ഭീഷണിയുടെ പേരില്‍ എഴുത്ത്  നിറുത്തരുത് ;  മന്ത്രി സുധാകരൻ

കൊച്ചി: സംഘപരിവാർ സംഘടനകളുടെ ഭീഷണിയെ തുടർന്ന് നോവല്‍ പിന്‍വലിച്ച എഴുത്തുകാരന്‍ എസ്.ഹരീഷിന് മന്ത്രി ജി സുധാകരന്റെ പിന്തുണ. 'മീശ' നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തരുതെന്ന് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു. മൗലികവാദികളുടെ ഭീഷണിയുടെ പേരില്‍ എഴുത്തു നിറുത്തരുത്. പൌരസമൂഹവും സാഹിത്യകാരന്മാരും ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, എസ്.ഹരീഷിന് നോവല്‍ പിന്‍വലിക്കേണ്ടിവന്നത് പ്രബുദ്ധ കേരളത്തിന് നാണക്കേടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നോവലിസ്റ്റിന്റെ കുടുംബാംഗങ്ങളെയടക്കം സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചിട്ടും നടപടിയെടുക്കാത്ത ആഭ്യന്തരവകുപ്പിന്റെ നിലപാട് ദുരൂഹമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

സൈബര്‍ ലോകത്തും പുറത്തുമായി ഉയര്‍ന്ന ഭീഷണിയെ തുടര്‍ന്ന് ഇന്നലെയാണ് സാഹിത്യകാരന്‍ എസ്.ഹരീഷ് പ്രമുഖ ആഴ്ച്ചപതിപ്പില്‍നിന്ന് തന്റെ നോവല്‍ പിന്‍വലിച്ചത്. ഹരീഷിന്റെ മീശയെന്ന നോവലിനെതിരെ ഒരു വിഭാഗം ഹിന്ദു സംഘടനകളും പ്രവര്‍ത്തകരുമാണ് വിദ്വേഷപ്രചാരണം അഴിച്ചുവിട്ടത്. സമൂഹമനസ്സ് പാകമാകുമ്പോള്‍ നോവല്‍ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്ന് ഹരീഷ് അറിയിച്ചു.

Top Stories
Share it
Top