ഏപ്രില്‍ 23 വരെ കനത്ത മഴ; പാലക്കാടും മലപ്പുറത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അഞ്ച് ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശ്ശൂർ എന്നീ ജില്ലകളിലാണ് ഉരുൾപൊട്ടാൻ സാധ്യതാ മുന്നറിയിപ്പുള്ളത്

ഏപ്രില്‍ 23 വരെ കനത്ത മഴ; പാലക്കാടും മലപ്പുറത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഏപ്രില്‍ 23 വരെ സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ നാളെ (20-04-19) പാലക്കാട് ജില്ലയിലും മലപ്പുറം ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അഞ്ച് ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശ്ശൂർ എന്നീ ജില്ലകളിലാണ് ഉരുൾപൊട്ടാൻ സാധ്യതാ മുന്നറിയിപ്പുള്ളത്.

പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണമെന്നും നിർദേശമുണ്ട്. വേനൽ മഴയോടനുബന്ധിച്ച് ഉച്ചയ്‌ക്ക് 2 മുതൽ വൈകിട്ട് 8 വരെ അടുത്ത 5 ദിവസം ശക്‌തമായ മിന്നലിനു സാധ്യതയുണ്ടെന്ന് സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി. ഈ സമയങ്ങളിൽ ടെറസിലോ മുറ്റത്തോ ഇറങ്ങുന്നത് ഒഴിവാക്കണം. കുട്ടികളെ തുറസ്സായ സ്‌ഥലത്ത് കളിക്കാൻ വിടരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മിന്നലിന് സാദ്ധ്യതയുണ്ടെങ്കില്‍ ഉടനെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണം. വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിക്കണം. ജനലുകളും വാതിലുകളും അടച്ചിടാന്‍ ശ്രദ്ധിക്കുക. ലോഹ വസ്തുക്കളുടെ സാമീപ്യം ഒഴിവാക്കുക. ഫോണ്‍ പരമാവധി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മിന്നലുള്ള സമയങ്ങലിലെ കുളി ഒഴിവാക്കുക. മിന്നലുള്ള സമയങ്ങളില്‍ ഉയര്‍ന്ന മരങ്ങള്‍ക്കടിയില്‍ നില്‍ക്കാതിരിക്കുക. മിന്നലുള്ള സമയങ്ങളില്‍ ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ നിര്‍ദ്ദേശമുണ്ട്.