യോഗാ ടൂറിന് തലസ്ഥാനത്ത് തുടക്കം; നിപ ഭീതിയകന്ന് ടൂറിസം മേഖല 

Published On: 2018-06-14 13:30:00.0
യോഗാ ടൂറിന് തലസ്ഥാനത്ത് തുടക്കം; നിപ ഭീതിയകന്ന് ടൂറിസം മേഖല 

തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യോഗാ വിദഗ്ധരുടെ പര്യടനത്തിനും ശില്പശാലയ്ക്കും തുടക്കം . കോവളം ലീല റാവിസില്‍ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗാ ടൂറിന്റെ സംഘാടകരായ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ പ്രസിഡന്റ് പികെ അനീഷ്‌ കുമാര്‍ അധ്യക്ഷനായിരുന്നു.

മഹത്തായ ഇന്ത്യന്‍ പൈതൃകത്തിലേക്കുള്ള യാത്രയാണ് യോഗാ അംബാസഡര്‍ ടൂറെന്നു കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെശോ നായിക് പറഞ്ഞു. ലോകം യോഗയിലേക്ക് എന്ന ആശയം ഇതുവഴി യാഥാര്‍ത്ഥ്യമാവുകയാണെന്നും അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഇന്‍ ഇന്ത്യ(അറ്റോയ്) സംഘടിപ്പിക്കുന്ന യോഗ അംബാസഡര്‍ ടൂര്‍ ഉദ്ഘാടനം ചെയ്തു കേന്ദ്ര മന്ത്രി പറഞ്ഞു.

ആരോഗ്യ രംഗത്തും ആയുര്‍വേദത്തിലും കേരളം മുന്നിലാണ്. യോഗയിലും കേരളത്തിന്‌ സവിശേഷ സ്ഥാനമുണ്ട്.യോഗയ്ക്ക് പുറമേ ആയുര്‍വേദം, ട്രെക്കിംഗ്,ഹൗസ്ബോട്ട് എന്നിങ്ങനെ കേരളത്തിന്‍റെ പ്രത്യേകതകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് യോഗാ ടൂര്‍. ഇന്ത്യയുടെ യോഗാ പാരമ്പര്യം മനസിലാക്കാന്‍ ടൂര്‍ ഉപകരിക്കട്ടെ എന്നും മന്ത്രി പറഞ്ഞു.

മറ്റു പല രംഗങ്ങളിലും ലോകത്തിനു തന്നെ മാതൃകയായ കേരളം യോഗാ അംബാസഡര്‍ ടൂറിലൂടെ മറ്റൊരു മാതൃക കാട്ടുകയാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ജനങ്ങളെ ശുഭചിന്താഗതിക്കാരും സമാധാനകാംക്ഷികളുമാക്കുക എന്നതാണ് യോഗയുടെ ലക്‌ഷ്യം.കേരളത്തിലെ മുനിയറകള്‍ സംസ്ഥാനത്തിന്‍റെ യോഗാ പാരമ്പര്യം വെളിപ്പെടുത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ആയുഷ് മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി രഞ്ജിത്ത് കുമാര്‍, സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, കെടിഡിസി എംഡി രാഹുല്‍, അയാട്ടോ സീനിയര്‍ വൈസ് പ്രസിഡന്റ് ഇഎം നജീബ്, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം,അറ്റോയ് വൈസ് പ്രസിഡന്റ് ശൈലേഷ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

22 രാജ്യങ്ങളില്‍ നിന്നെത്തിയ അറുപതിലേറെ യോഗ വിദഗ്ധരാണ് ആദ്യ യോഗ അംബാസഡര്‍ ടൂറില്‍ പങ്കെടുക്കുന്നത്. നേരത്തെ മുഖ്യാതിഥികളെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് ഉദ്ഘാടനവേദിയിലേക്ക് ആനയിച്ചത്. റാവിസ് കണ്‍വന്‍ഷന്‍ സെന്ററിനു മുന്നില്‍ തീര്‍ത്ത പൂക്കളത്തിനു മുന്നില്‍ വിദേശ പ്രതിനിധികള്‍ യോഗ പ്രദര്‍ശനം നടത്തി. ഇനി ഈ മാസം 21വരെ രാജ്യാന്തര യോഗ വിദഗ്ധര്‍ കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിച്ചുള്ള യോഗാ പര്യടനത്തിലാകും.

കേന്ദ്ര ആയുഷ് മന്ത്രാലയം, സംസ്ഥാന ടൂറിസം വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് അറ്റോയ് യോഗാ അംബാസഡര്‍ ടൂര്‍ സംഘടിപ്പിച്ചിരിക്കുന്നത്.

യോഗാ അംബാസഡര്‍ ടൂര്‍ ബസ് കേന്ദ്ര മന്ത്രി ശ്രീപദ് നായിക് ഫ്ലാഗ് ഓഫ് ചെയ്തു.തുടര്‍ന്ന് യോഗയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശില്പശാല നടന്നു. നാളെ മുതല്‍ 21 വരെയാണ് യോഗാ പര്യടനം. രാജ്യാന്തര യോഗ ദിനമായ 21ന് കൊച്ചിയില്‍ വിശാല യോഗാ പ്രദര്‍ശനത്തോടെ ആദ്യ യോഗാ ടൂര്‍ സമാപിക്കും.

Top Stories
Share it
Top