മാൻകൊമ്പുകളും മുളളൻപന്നിയുടെ മുള്ളുകളുമായി യുവാവ് പിടിയിൽ

Published On: 2018-06-12T21:30:00+05:30
മാൻകൊമ്പുകളും മുളളൻപന്നിയുടെ മുള്ളുകളുമായി യുവാവ് പിടിയിൽ

മലപ്പുറം: മാൻ കൊമ്പുകളും മുള്ളൻപന്നിയുടെ മുള്ളുകളും നാടൻതോക്കുമായി യുവാവ് പിടിയിൽ. ആതവനാട് പാറപ്പുറത്തെ വാടക വീട്ടിൽ നിന്ന് മേലേപാട്ട് വീട്ടിൽ ഷറഫുദ്ധീനെ (37)യാണ് തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വേലായുധൻ കുന്നത്തും സംഘവും അറസ്റ്റ് ചെയ്തത്. മൃഗവേട്ടയും കഞ്ചാവ് വിൽപ്പനയുമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് ഇവ ലഭിച്ചതെന്ന് ഇൻസ്പെക്ടർ വേലായുധൻ കുന്നത്ത് അറിയിച്ചു. മുറിക്കകത്തെ പ്ലാസ്റ്റിക് കവറിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. 30സെൻറീ മീറ്ററിൽ താഴെ നീളമുള്ളവയാണ് മാൻ കൊമ്പുകൾ. മുള്ളൻപള്ളിയുടെ മുള്ള് അമ്പതോളമുണ്ട്.

മാൻ കൊമ്പ് പുരാതനമായി ലഭിച്ചതാണെന്നും ശ്വാസം മുട്ട് രോഗം മാറാൻ മരുന്നിനായി വാങ്ങി സൂക്ഷിച്ചതാണ് മുള്ളുകളെന്നുമാണ് ഇയാൾ പറയുന്നത്. അധികൃതർ വേഷം മാറിയെത്തി വീടും പരിസരവും നിരീക്ഷിച്ച ശേഷം ഉന്നത സംഘമെത്തി പരിശോധന നടത്തുകയായിരുന്നു. അസി. എക്സൈസ് ഇൻസ്പെക്ടർ പ്രദീപ്കുമാർ, പ്രിവൻറീവ് ഓഫിസർ ദിനേശൻ, പി.കെ വേലായുധൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഷറഫുദ്ധീനെ വനംവകുപ്പിന് കൈമാറും.

Top Stories
Share it
Top