തൊവരിമല രണ്ടാം മുത്തങ്ങയോ?

കളക്ടറേറ്റ് പടിക്കലേക്ക് കൂടുതൽ പേർ എത്തിക്കൊണ്ടിരിക്കുകയാണ്. കഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ സമരപ്പന്തലിൽ എത്തിയതോടെ പൊലീസും ഭരണകൂടവും അങ്കലാപ്പിലാണ്. അന്യായമായ പൊലീസ് നടപടി തൊവരിമലയെ രണ്ടാം മുത്തങ്ങ സമരമാക്കുമോ എന്ന ആശങ്കയുമുണ്ട്.

തൊവരിമല രണ്ടാം മുത്തങ്ങയോ?

ബിൻ സൂഫി

കൽപ്പറ്റ: സുൽത്താൻ ബത്തേരിക്കടുത്ത തൊവരിമലയിൽ ഹാരിസൺ പ്ലാന്റേഷൻ അനധികൃതമായി കൈവശം വച്ച ഭൂമിയിൽ ആദിവാസികൾ ആരംഭിച്ച സമരം പുതിയ തലത്തിലേക്ക് നീങ്ങുന്നു. ഭൂമിയിൽ അവകാശം സ്ഥാപിച്ചവരെ ബലപ്രയോഗത്തിലൂടെ ആട്ടിയോടിക്കുകയും പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ് നടപടിക്കെതിരേ സമരക്കാർ വയനാട് കളക്ടറേറ്റിൽ ആരംഭിച്ച അനിശ്ചിതകാല സമരം ശക്തമാകുകയാണ്. ഇന്നലെ വൈകീട്ട് ആരംഭിച്ച സമരം രാത്രിയോടെ കൂടുതൽ സജീവമായി. കളക്ടറേറ്റ് പടിക്കലേക്ക് കൂടുതൽ പേർ എത്തിക്കൊണ്ടിരിക്കുകയാണ്. കഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ സമരപ്പന്തലിൽ എത്തിയതോടെ പൊലീസും ഭരണകൂടവും അങ്കലാപ്പിലാണ്. അന്യായമായ പൊലീസ് നടപടി തൊവരിമലയെ രണ്ടാം മുത്തങ്ങ സമരമാക്കുമോ എന്ന ആശങ്കയുമുണ്ട്.

സമരങ്ങളുടെ തുടക്കം

1970-ൽ അച്യുതമേനോൻ സർക്കാരാണ് നിയമനിർമ്മാണം നടത്തി ഹാരിസൺ മലയാളം പ്ലാന്റേഷനിൽ നിന്ന് തൊവരിമല തിരിച്ചുപിടിച്ചത്. ഹാരിസൺ, ടാറ്റ ഉൾപ്പെടെ തോട്ടം കുത്തകകൾ നിയമവിരുദ്ധമായി കൈയടക്കി വച്ച അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ ഉടൻ നിയമനിർമ്മാണം നടത്തുക, തോട്ടം തൊഴിലാളികൾക്കും ആദിവാസികളുൾപ്പെടെ മുഴുവൻ ഭൂരഹിതർക്കും കൃഷിഭൂമി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഈ ഭൂമിയിൽ ഭൂസമരത്തിന് തുടക്കം കുറിച്ചത്. സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ നിയന്ത്രണത്തിലുള്ള അഖിലേന്ത്യാ വിപ്ലവ കിസാൻസഭയുടേയും(എ.ഐ.കെ.കെ.എസ്) ആദിവാസി ഭാരത് മഹാസഭ(എ.ബി.എം)യുടേയും നേതൃത്വത്തിലാണ് ഭൂസമരസമിതി ഭൂമി പിടിച്ചെടുത്തത്.

തൊവരിമലയിലേത് ഭരണകൂട ഭീകരത: സാം പി. മാത്യു

കൽപ്പറ്റ: തൊവരിമലയിലെ ഭൂമിയിൽ കയറിയ ആദിവാസികളെ അടിച്ചോടിച്ചത് ഭരണകൂട ഭീകരതയെന്ന് സി.പിഐ (എം.എൽ) സംസ്ഥാന സെക്രട്ടറിയും സമരസമിതി നേതാവുമായ സാം പി.മാത്യു. സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന സമരക്കാരോട് ക്രൂരമായാണ് പൊലീസ് പെരുമാറിയത്.

ഒരു അക്രമവും നടത്താത്ത സമരക്കാർക്ക് നേരെയാണ് പൊലീസ് ബലം പ്രയോഗിച്ചത്. ആദിവാസികൾക്ക് അർഹതപ്പെട്ട ഭൂമി ലഭ്യമാക്കുന്നത് വരെ കലക്ടറേറ്റ് പടിക്കലെ സമരം തുടരും.

പ്രക്ഷോഭത്തിന് സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ കേന്ദ്ര കമ്മിറ്റി അംഗവും എ.ഐ.കെ.കെ.എസ് സംസ്ഥാന സെക്രട്ടറിയുമായ എം.പി.കുഞ്ഞിക്കണാരൻ, സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ സംസ്ഥാന എകസിക്യൂട്ടീവ് കമ്മിറ്റി അംഗം രാജേഷ് അപ്പാട്ട്, ഭൂസമരസമിതി നേതാക്കളായ കെ.വെളിയൻ, ബിനു ജോൺ പനമരം, ജാനകി വി, ഒണ്ടൻ മാടക്കര, രാമൻ അടുവാടി എന്നിവരാണ് ഭൂമി പിടിച്ചെടുക്കലിന് നേതൃത്വം നൽകിയത്.

ഇന്നലെ രാവിലെയാണ് തൊവരിമലയില്‍ കുടില്‍കെട്ടിയ ആയിരത്തിലധികം പേരെ പോലീസും വനംവകുപ്പും ചേർന്ന് ഒഴിപ്പിച്ചത്. ഹാരിസൺ മലയാളം ലിമിറ്റഡിൽ നിന്ന് സർക്കാർ ഏറ്റെടുത്ത നെന്മേനി പഞ്ചായത്തിലെ തൊവരിമലയിലെ 104 ഹെക്ടർ ഭൂമിയിലാണ് ഭൂസമരസമിതി കുടിൽകെട്ടി സമരം ആരംഭിച്ചത്. 13 പഞ്ചായത്തുകളിൽ നിന്നുള്ള ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെയുള്ളവരാണ് ഭൂമിയിൽ അവകാശം സ്ഥാപിച്ചത്. തോട്ടത്തിനുള്ളിലെ പഴയ ബംഗ്ലാവടക്കം സമരസമിതി കൈവശപ്പെടുത്തി.

ഹാരിസണിൽ നിന്ന് സർക്കാർ പിടിച്ചെടുത്ത ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം അടക്കം സമരം നടത്തിയിരുന്നു. സർക്കാർ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് ഭൂസമരസമിതി ഭൂമിയിൽ കയറാൻ തീരുമാനിച്ചത്. വിവിധ പഞ്ചായത്തുകളിൽ ഭൂരഹിതരുടെ കൺവൻഷനുകൾ സംഘടിപ്പിച്ചിരുന്നു. പിടിച്ചെടുത്ത ഭൂമിയിൽ കൃഷിയിറക്കുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞിരുന്നെങ്കിലും പോലീസ് ഇന്നലെ രാവിലെ ഇവരെ ഒഴിപ്പിക്കുകയായിരുന്നു.

Read More >>