ഇന്ത്യ നികുതി കുറച്ചേ തീരൂ; ട്രംപ്

ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു മുമ്പാണ് ട്രംപ് ആവശ്യമുന്നയിച്ചത്

ഇന്ത്യ നികുതി കുറച്ചേ തീരൂ;  ട്രംപ്

യു.എസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നികുതി കുറച്ചേ തീരൂവെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു മുമ്പാണ് ട്രംപ് ആവശ്യമുന്നയിച്ചത്. വിവിധ വിഷയങ്ങളില്‍ വെള്ളിയാഴ്ച ഇരുവരും ചര്‍ച്ച നടത്തി.

' ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു കാത്തിരിക്കുകയാണ്. യു.എസ് ഉത്പന്നങ്ങള്‍ക്ക് വര്‍ഷങ്ങളായി ഉയര്‍ന്ന തോതിലുള്ള നികുതിയാണ് ഇന്ത്യ ചുമത്തിക്കൊണ്ടിരിക്കുന്നത്. ഈയിടെ അതു വീണ്ടും വര്‍ദ്ധിപ്പിച്ചു. ഇത് അസ്വീകാര്യമാണ്. പിന്‍വലിച്ചേ തീരൂ' - ട്രംപ് ട്വീറ്റ് ചെയ്തു.

ഇന്ത്യക്കുള്ള വ്യാപാര ഇറവ് വാഷിങ്ടണ്‍ അവസാനിപ്പിച്ചതിന് പിന്നാലെ, ഈ മാസം 28 യു.എസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയാണ് ഇന്ത്യ ഉയര്‍ത്തിയിരുന്നത്. ബദാം,ആപ്പിള്‍, ആക്രോട്ടണ്ടി എന്നീ ഉത്പന്നങ്ങളുടെ ഇറക്കുമതിയെയാണ് ഇത് സാരമായി ബാധിച്ചത്. നേരത്തെ, യു.എസ് ഉത്പന്നങ്ങള്‍ക്കു മുമ്പില്‍ ഇന്ത്യന്‍ വിപണി കൂടുതല്‍ ലളിതമാക്കണമെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോടും ആവശ്യപ്പെട്ടിരുന്നു. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ യു.എസ് ആവശ്യത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

വെള്ളിയാഴ്ച രാവിലെയാണ് നരേന്ദ്രമോദി ജി20 ഉച്ചകോടിക്കായി ജപ്പാനിലെ ഒസാക നഗരത്തിലെത്തിയത്. നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് യു.എസ് പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ വിജയത്തില്‍ ട്രംപ് മോദിയെ ടെലഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. 2022ല്‍ ഇന്ത്യയാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

Read More >>