തീരം ഇടിയുന്ന ഖനനം അനുവദിക്കില്ല; ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ

കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട് പഞ്ചായത്തിലെ പൊന്മന മേഖലയില്‍ പ്രദേശവാസികള്‍ നടത്തുന്ന സമരം എഴുപതിലേറെ ദിനങ്ങൾ പിന്നിട്ടു.

തീരം ഇടിയുന്ന ഖനനം അനുവദിക്കില്ല; ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ

കോഴിക്കോട്: ആലപ്പാട്ടെ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഫിഷറീസ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ. 'ജനങ്ങളുടെ ആശങ്ക കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ മുന്നോട്ട് പോവുക. അശാസ്ത്രീയമായ ഖനനം പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിയമസഭാ പരിസ്ഥിതി സമിതികളുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പിലാക്കും,' മന്ത്രി പറഞ്ഞു.

എന്നാല്‍ വ്യവസായ വകുപ്പാണ് ഇതിന് മുന്‍കൈ എടുക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ സര്‍ക്കാരിന്റെ കാലത്ത് പുലിമുട്ട് കെട്ടാന്‍ നടപടിയുണ്ടായി. പുലിമുട്ട് ടെന്‍ഡര്‍ ചെയ്ത് ജോലി തുടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐആര്‍ഇ ഇത്രയും കാലം ചെയ്ത പോലെ അല്ല മുന്നോട്ടു പോവേണ്ടത്. കരയിടിയാതെ ഖനനം നടത്തണമെന്ന് നേരത്തെ നിയമസഭ പരിസ്ഥിതികമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയതാണ്. ഇത് പൂര്‍ണ്ണമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട് പഞ്ചായത്തിലെ പൊന്മന മേഖലയില്‍ പ്രദേശവാസികള്‍ നടത്തുന്ന സമരം എഴുപതിലേറെ ദിനങ്ങൾ പിന്നിട്ടു. തീരം സംരക്ഷിച്ച് ഖനനം എന്നതാണ് സര്‍ക്കാര്‍ നയമെന്നും പൊതുമേഖലയ്ക്ക് എതിരായ നീക്കം അനുവദിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് സർക്കാർ ഇപ്പോൾ ചർച്ചയ്ക്ക് തയ്യാറായത്.

Read More >>