സര്‍ക്കാര്‍ രൂപീകരണത്തിന് നീക്കങ്ങള്‍ സജീവമാക്കി ബി.ജെ.പി; എന്‍.ഡി.എ നേതാക്കള്‍ക്ക് അമിത്ഷായുടെ അത്താഴ വിരുന്ന്

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പാര്‍ട്ടി എന്‍.ഡി.എ നേതാക്കളുടെ യോഗം വിളിച്ചു. കേന്ദ്ര മന്ത്രിമാരുമായി പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് ചര്‍ച്ച നടത്തും. എന്‍.ഡി.എ നേതാക്കള്‍ക്ക് ദേശീയ അധ്യക്ഷന്‍ അമിത്ഷാ അത്താഴ വിരുന്നും ഒരുക്കും

സര്‍ക്കാര്‍ രൂപീകരണത്തിന് നീക്കങ്ങള്‍ സജീവമാക്കി ബി.ജെ.പി; എന്‍.ഡി.എ നേതാക്കള്‍ക്ക് അമിത്ഷായുടെ അത്താഴ വിരുന്ന്

ന‍ൃൂഡൽഹി: എന്‍.ഡി.എക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവമാക്കി ബി.ജെ.പി. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പാര്‍ട്ടി എന്‍.ഡി.എ നേതാക്കളുടെ യോഗം വിളിച്ചു. കേന്ദ്ര മന്ത്രിമാരുമായി പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് ചര്‍ച്ച നടത്തും. എന്‍.ഡി.എ നേതാക്കള്‍ക്ക് ദേശീയ അധ്യക്ഷന്‍ അമിത്ഷാ അത്താഴ വിരുന്നും ഒരുക്കും.

ഞായറാഴ്ച പുറത്ത് വന്ന ഭൂരിഭാഗം ഏക്‌സിറ്റ് പോള്‍ സര്‍വേകളും എന്‍.ഡി.എക്ക് കേവല ഭൂരിപക്ഷത്തിന് മുകളില്‍ സീറ്റ് ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. എന്നാല്‍ പ്രതിപക്ഷം , സഖ്യ നീക്കം സജീവമാക്കിയ സാഹചര്യത്തില്‍ എന്‍.ഡി.എയും നേരത്തെ ഒരുങ്ങുകയാണ്. ഇന്ന് വൈകിട്ട് നാല് മണിയോടെ ബി.ജെ.പി ദേശീയ ആസ്ഥാനത്ത് പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരുടെ യോഗം ചേരും.

എന്‍.ഡി.എ നേതാക്കളുമായി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പ്രത്യേകം ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. തുടര്‍ന്ന് അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്.

രാം വിലാസ് പാസ്വാന്‍ (എന്‍.ജെ.പി.), ഉദ്ധവ് താക്കറെ (ശിവസേന) എന്നിവരുള്‍പ്പടെയുള്ളവര്‍ യോഗത്തിനെത്തുമെന്ന് ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു. കേരളത്തില്‍നിന്ന് എന്‍.ഡി.എ. അംഗമായ കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് പങ്കെടുക്കും

അതേ സമയം, ബി.ജെ.പിക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍ ഇത് വരെ വ്യക്തത വരുത്തിയിട്ടില്ല. ഒഡിഷക്ക് പ്രത്യേക പദവി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബി.ജെ.പി അംഗീകരിക്കേണ്ടതുണ്ടെന്നാണ് ബി.ജെ.ഡിയുടെ നിലപാട്.

എന്‍.ഡി.എയില്‍ നിലവിലുള്ള കക്ഷികളായിരിക്കും സര്‍ക്കാര്‍ രൂപവത്കരണത്തില്‍ പങ്കാളിയാവുക. ബി.ജെ.പിയുടെ അജന്‍ഡയോട് യോജിപ്പുള്ള ആര്‍ക്കും എന്‍.ഡി.എയിലേക്ക് വരാമെന്ന് ഷാ പറഞ്ഞിരുന്നു.

ഡല്‍ഹിയിലെ നീക്കങ്ങള്‍ക്കിടെ മാഹാരാഷ്ട്രയിലെ നാഗ്പൂരിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി ഇന്നലെ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത്തവണ പശ്ചിമ ബംഗാള്‍ വഴിത്തിരിവാകും എന്നാണ് ബി.ജെ.പിയുടെ അവകാശവാദം. 2014 ല്‍ ഉത്തര്‍പ്രദേശ് തൂത്ത് വാരിയതിന് സമാനമായി ഇപ്രാവശ്യം ബംഗാളില്‍ നേട്ടം കൊയ്യുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ് ഇന്നലെ പ്രതികരിച്ചിരുന്നു.

Read More >>