എ.എന്‍-32 വിമാനാപകടം:13 പേരും മരിച്ചു:മരിച്ചവരില്‍ മൂന്ന് മലയാളികള്‍

വിമാനം അപ്രത്യക്ഷമാകുമ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറായി ഡ്യൂട്ടിയിലുണ്ടായിരുന്നത് വിമാനത്തിന്റെ വ്യോമസേനാ പൈലറ്റ് ആശിഷ് തന്‍വാറിന്റെ ഭാര്യ സന്ധ്യ ആയിരുന്നു

എ.എന്‍-32 വിമാനാപകടം:13 പേരും മരിച്ചു:മരിച്ചവരില്‍ മൂന്ന് മലയാളികള്‍

ന്യൂഡല്‍ഹി: അസമില്‍നിന്ന് അരുണാചല്‍പ്രദേശിലേക്കു പറക്കുന്നതിനിടയില്‍ കാണാതായ വ്യോമസേനയുടെ എ.എന്‍-32 വിമാനത്തിലുണ്ടായിരുന്ന മൂന്ന് മലയാളികള്‍ അടക്കം 13 പേരും മരിച്ചതായി സൈന്യം. ഇക്കാര്യം മരിച്ചവരുടെ ബന്ധുക്കളെ അറിയിച്ചു.

തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി സ്‌ക്വാഡ്രന്‍ ലീഡര്‍ വിനോദ്, കൊല്ലം അഞ്ചല്‍ സ്വദേശി സര്‍ജന്റ് അനൂപ്കുമാര്‍, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി കോര്‍പ്പറല്‍ എന്‍.കെ. ഷരിന്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍.8 സേനാംഗങ്ങളും 5 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.ഒരാഴ്ചയിലേറേ നീണ്ട തിരച്ചിലിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങളും വിമാനത്തിന്റെ ബ്ലാക്‌ബോക്‌സും വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.വിമാനം തകര്‍ന്ന് വീണ പ്രദേശത്തേക്ക് ഹെലികോപ്ടര്‍ ഇറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പാരച്യൂട്ടുകള്‍ ഉപയോഗിച്ചാണ് ആളുകളെ ഇറക്കിയത്.

12000 അടി ഉയരത്തിലുള്ള ദുര്‍ഘടമായ പ്രദേശത്ത് കണ്ടെത്തിയ അവശിഷ്ടങ്ങള്‍ക്കിടയില്‍ വ്യോമസേനാ സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് യാത്രികരെല്ലാം മരിച്ചതായി സ്ഥിരികരിച്ചത്. ഇന്നു പുലര്‍ച്ചെയാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തെ പരിശോധന പൂര്‍ത്തിയാക്കിയത്.

വിമാനം കണ്ടെത്താന്‍ സഹായകരമാകുന്ന രീതിയില്‍ വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് വ്യോമസേന 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വിമാനം അപ്രത്യക്ഷമാകുമ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറായി ഡ്യൂട്ടിയിലുണ്ടായിരുന്നത് വിമാനത്തിന്റെ വ്യോമസേനാ പൈലറ്റ് ആശിഷ് തന്‍വാറിന്റെ ഭാര്യ സന്ധ്യ ആയിരുന്നു. വിമാനം കാണാതായ ദിവസം ഒരു വിമാനം പ്രദേശത്ത് താഴ്ന്ന് പറന്നതായി ഗ്രാമീണര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ഇടമായതിനാല്‍ ഏഴ് പര്‍വതാരോഹകരടങ്ങുന്ന സംഘത്തെയും തിരച്ചിലിന് നിയോഗിച്ചിരുന്നു.

Read More >>