കോണ്‍ഗ്രസിനെതിരെയുള്ള മാനനഷ്ട കേസ് പിന്‍വലിക്കാന്‍ ഒരുങ്ങി അനില്‍ അംബാനി

കോണ്‍ഗ്രസ് നേതാക്കള്‍ക്കും നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിനുമെതിരെ അഹമ്മദാബാദ് സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ ഫയല്‍ ചെയ്ത 5000 കോടി രൂപയുടെ മാനനഷ്ടക്കേസാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അനില്‍ അംബാനി പിന്‍വലിക്കുന്നത്

കോണ്‍ഗ്രസിനെതിരെയുള്ള മാനനഷ്ട കേസ് പിന്‍വലിക്കാന്‍ ഒരുങ്ങി അനില്‍ അംബാനി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിനെതിരെയുള്ള മാനനഷ്ട കേസ് പിന്‍വലിക്കാന്‍ ഒരുങ്ങി വ്യവസായി അനില്‍ അംബാനി. കോണ്‍ഗ്രസ് നേതാക്കള്‍ക്കും നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിനുമെതിരെ അഹമ്മദാബാദ് സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ ഫയല്‍ ചെയ്ത 5000 കോടി രൂപയുടെ മാനനഷ്ടക്കേസാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അനില്‍ അംബാനി പിന്‍വലിക്കുന്നത്.

റാഫേല്‍ യുദ്ധവിമാന ഇടപാടുമായി കോണ്‍ഗ്രസ് നേതാക്കളും നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവും നടത്തിയ പ്രസ്താവനകള്‍ക്കെതിരെയായിരുന്നു അനില്‍ റിലയന്‍സ് ഗ്രൂപ് നിയമനടപടി സ്വീകരിച്ചത്. കേസ് പരിഗണിക്കാനിരിക്കുന്ന വേളയിലാണ് റിലയന്‍സ് ഗ്രൂപ് അഭിഭാഷകന്‍ കേസ് പിന്‍വലിക്കുന്നതായി മാധ്യമങ്ങളെ അറിയിച്ചത്. 5000 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ കേസ് പിന്‍വലിക്കുകയാണെന്ന് അനില്‍ അംബാനിയുടെ അഭിഭാഷകന്‍ റാസേഷ് പരീഷ് പറഞ്ഞു.

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ചില വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കോണ്‍ഗ്രസ് നേതാക്കളും നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവും അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയത് തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ടായിരുന്നു. തെരഞ്ഞെടുപ്പ് മെയ് 19ന് അവസാനിച്ചു. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിക്ക് മുന്നിലാണ്. അതുകൊണ്ട് തന്നെ ഈ കേസുമായി മുന്നോട്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് റിലയന്‍സ് ഗ്രൂപ് വ്യക്തമാക്കി.

Read More >>