പാകിസ്താന് മുന്നറിയിപ്പുമായി കരസേനാമേധാവി; പ്രകോപനമുണ്ടായാൽ തിരിച്ചടിക്കും

ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് കരസേനാ മേധാവി ഇക്കാര്യം പറഞ്ഞത്.

പാകിസ്താന് മുന്നറിയിപ്പുമായി കരസേനാമേധാവി; പ്രകോപനമുണ്ടായാൽ തിരിച്ചടിക്കും

പാക് സൈന്യത്തിന്റെ ഭാ​ഗത്തുനിന്നും ഏതെങ്കിലും തരത്തിൽ പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്.

പാകിസ്താന്‍ ഓരോതവണയും നിഴല്‍ യുദ്ധത്തിലൂടെയും ഭീകരവാദികളെ ഉപയോഗിച്ചും പ്രകോപനമുണ്ടാക്കുകയാണ്. ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ സൈന്യം അചഞ്ചലമായി നിലകൊള്ളും. അതിനാല്‍ എന്തെങ്കിലും തെറ്റുകള്‍ കാണിച്ചാല്‍ അതിന് ശിക്ഷാ നടപടി ഉറപ്പായുമുണ്ടാകുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് കരസേനാ മേധാവി ഇക്കാര്യം പറഞ്ഞത്.

ഭാവിയില്‍ സംഘര്‍ഷമുണ്ടാവുകയാണെങ്കില്‍ അത് കൂടുതല്‍ അക്രമാസക്തമാകമെന്നും അത് പ്രവചനാതീതമാകുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. എന്നാല്‍ മനുഷ്യരുടെ പ്രധാന്യം ഒട്ടും കുറയില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സൈനികര്‍ക്ക് തന്നെയാകും എപ്പോഴും പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയന്ത്രണരേഖ മറികടന്ന് ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് കടന്നുകയറിയെന്ന വാര്‍ത്തകള്‍ കരസേനാ മേധാവി നിഷേധിച്ചു. അതിക്രമിച്ച് കടക്കല്‍ ഉണ്ടായിട്ടില്ലെന്നും നിയന്ത്രണരേഖയ്ക്ക് സമീപം വരെ അവര്‍ എത്തിയെങ്കിലും നമ്മള്‍ അവരെ തടഞ്ഞെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ആ സമയത്ത് ഇന്ത്യയുടെ ഭാഗത്ത ഡെംചോക്കില്‍ ടിബറ്റുകാര്‍ പ്രദേശികമായി ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇത് കണ്ടാണ് അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനായി ചൈനീസ് സൈന്യം അടുത്തേക്ക് വന്നത്. അല്ലാതെ അതിക്രമിച്ച് കടക്കല്‍ നടന്നിട്ടില്ലെന്നും എല്ലാം സാധാരണ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.


Read More >>