അയോദ്ധ്യ വിധിക്കെതിരെ പുഃനപരിശോധന ഹർജി നൽകില്ലെന്ന് സുന്നി വഖഫ് ബോർഡ്

പുഃനപരിശോധന ഹർജി ഉൾപ്പടെയുള്ള കാര്യങ്ങളെകുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് പറയുമ്പോഴാണ് നിലപാട് വ്യക്തമാക്കി സുന്നി ബോർഡ് രംഗത്തെത്തിയത്.

അയോദ്ധ്യ വിധിക്കെതിരെ പുഃനപരിശോധന ഹർജി നൽകില്ലെന്ന്  സുന്നി വഖഫ് ബോർഡ്

ന്യൂഡൽഹി: അയോദ്ധ്യയിലെ ബാബറി മസ്ജിദ്- രാമജന്മഭൂമി കേസിൽ ഭൂമി രാമക്ഷേത്രം നിർമിക്കുന്നതിനായി അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ പുഃനപരിശോധന ഹർജി നൽകില്ലെന്ന് ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് ചെയ്ർമാൻ സുഫർ ഫാറൂഖി പറഞ്ഞു.

പുഃനപരിശോധന ഹർജി ഉൾപ്പടെയുള്ള കാര്യങ്ങളെകുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് പറയുമ്പോഴാണ് നിലപാട് വ്യക്തമാക്കി സുന്നി ബോർഡ് രംഗത്തെത്തിയത്. സുപ്രീംകോടതി വിധിക്കെതിരെ സുന്നി വഖഫ് ബോർഡ് പുഃനപരിശോധന ഹർജിയോ ക്യൂറേറ്റിവ് പെറ്റിഷനോ സമർപ്പിക്കില്ലെന്നും ഫാറൂഖി പറഞ്ഞു.

സുപ്രീം കോടതി വിധിയിൽ തൃപ്തിയില്ലെന്ന് മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് പ്രതികരിച്ചത്. പ്രതീക്ഷയ്ക്കു വിരുദ്ധമായ വിധിയാണ് പുറത്തുവന്നിരിക്കുന്നത്. വിധിയെ മാനിക്കുന്നു, എന്നാൽ നീതി ലഭിച്ചതായി കരുതുന്നില്ല. ബോർഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അഭിഭാഷകരും യോഗം ചേർന്ന് റിവ്യൂ ഹരജി നൽകുന്നതടക്കമുള്ള ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നും മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് അഭിഭാഷകൻ സഫർയാബ് ജീലാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തർക്ക ഭൂമി ക്ഷേത്രനിർമ്മാണത്തിനായി വിട്ടുകൊടുക്കുകയും പള്ളി നിർമ്മാണത്തിനായി പകരം അഞ്ച് ഏക്കർ സ്ഥലം നൽകാനുമാണ് ഇന്നലെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബഞ്ച് വിധിച്ചത്.

പള്ളി നിർമ്മിക്കുന്നതിന് അഞ്ച് ഏക്കർ ഭൂമി യു.പി സർക്കാരോ കേന്ദ്ര സർക്കാരോ കണ്ടെത്തി സുന്നി വഖഫ് ബോർഡിന് കൈമാറണം.ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമാണ് സുപ്രിം കോടതി നിർണായക തീരുമാനം എടുത്തത്. നിർമോഹി അഖാരക്ക് പുതിയ ക്ഷേത്രത്തിന്റെ പരിപാലനത്തിന് അർഹമായ പ്രാതിനിധ്യം നൽകണം. ഒരു ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം ഏറ്റെടുക്കണം. ട്രസ്റ്റായിരിക്കും ക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുക. ട്രസ്റ്റ് രൂപീകരിക്കാൻ മൂന്ന് മാസം സമയം കേന്ദ്ര സർക്കാരിന് അനുവദിച്ചിട്ടുണ്ട്.


Read More >>