ബിനോയ് കോടിയേരിയുടെ ഹര്‍ജി; ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും

കഴിഞ്ഞ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യവ്യവസ്ഥ പ്രകാരം, ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് ഡി.എന്‍.എ പരിശോധനയ്ക്ക് രക്ത സാമ്പിളുകള്‍ നല്‍കിയിരുന്നില്ല

ബിനോയ് കോടിയേരിയുടെ ഹര്‍ജി; ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും

കണ്ണൂര്‍: ബീഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ബിനോയ് ഹര്‍ജിയില്‍ പറയുന്നു. ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

കഴിഞ്ഞ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യവ്യവസ്ഥ പ്രകാരം, ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് ഡി.എന്‍.എ പരിശോധനയ്ക്ക് രക്ത സാമ്പിളുകള്‍ നല്‍കിയിരുന്നില്ല. ഹര്‍ജി കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ത സാമ്പിള്‍ നല്‍കാതിരുന്നത്. ഇതിന് മുമ്പ് ഹാജരായപ്പോള്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബിനോയ് രക്ത സാമ്പിള്‍ നല്‍കിയിരുന്നില്ല.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. കുട്ടിക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നല്‍കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെടുന്നു. കേസുമായി ബന്ധപ്പെട്ട് യുവതിയുടെ പാസ്പോര്‍ടും ബാങ്ക് അക്കൗണ്ട് രേഖകളും ഹാജരാക്കിയിരുന്നു. ഇതില്‍ ഭര്‍ത്താവിന്റെ സ്ഥാനത്ത് ബിനോയ് കോടിയേരിയുടെ പേരാണ് നല്‍കിയിരുന്നത്. കേസില്‍ മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതിയാണ് ബിനോയ് കോടിയേരിക്ക് കര്‍ശന ഉപാദികളോടെയായിരുന്നു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Read More >>