ഭൂരിപക്ഷം ഉണ്ടെന്നുകരുതി തീവ്രവാദ രാഷ്ട്രീയം കളിക്കില്ല, ജനങ്ങളെ അധിക്ഷേപിക്കരുത്; ദിലീപ് ഘോഷിനെ തള്ളി ബി.ജെ.പി ഉപാദ്ധ്യക്ഷൻ

കൊൽക്കത്ത: പശ്ചിമബംഗാൾ ബി.ജെ.പി അദ്ധ്യക്ഷൻ ദിലീപ് ഘോഷിനെ തള്ളി ഉപാദ്ധ്യക്ഷൻ ചന്ദ്രകുമാർ ബോസ്. രാജ്യത്ത് തീവ്രവാദ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് ബോസ് പ...

ഭൂരിപക്ഷം ഉണ്ടെന്നുകരുതി തീവ്രവാദ രാഷ്ട്രീയം കളിക്കില്ല, ജനങ്ങളെ അധിക്ഷേപിക്കരുത്; ദിലീപ് ഘോഷിനെ തള്ളി ബി.ജെ.പി ഉപാദ്ധ്യക്ഷൻ

കൊൽക്കത്ത: പശ്ചിമബംഗാൾ ബി.ജെ.പി അദ്ധ്യക്ഷൻ ദിലീപ് ഘോഷിനെ തള്ളി ഉപാദ്ധ്യക്ഷൻ ചന്ദ്രകുമാർ ബോസ്. രാജ്യത്ത് തീവ്രവാദ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് ബോസ് പറഞ്ഞു. ഒരു നിയമവും ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കരുതെന്ന് ബോസ് പറഞ്ഞു."ഭൂരിപക്ഷം ഉണ്ടെന്നുവകരുതി ഞങ്ങൾ തീവ്രവാദ രാഷ്ട്രീയം ചെയ്യില്ല. നമ്മുടെ ജോലി ജനങ്ങളെ തെറ്റും ശരിയും ബോദ്ധ്യപ്പെടുത്തുക എന്നതാണ്. നിങ്ങൾക്ക് അവരെ അധിക്ഷേപിക്കാനാകില്ല. സി.എ.എയുടെ ഗുണവശങ്ങൾ ബോദ്ധ്യപ്പെടുത്താൻ ജനങ്ങൾക്കിടയിലേക്ക് നേരിട്ട് ഇറങ്ങണം."-ബോസ് പറഞ്ഞു.

"ചില മാറ്റങ്ങൾ വരുത്തിയാൽ പ്രതിപക്ഷത്തിന്റെ ക്യാമ്പയിനിനെ മറികടക്കാനാകുമെന്ന് ഞാൻ എന്റെ പാർട്ടിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഒരു മതത്തെയും പരാമർശിക്കാതെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണെന്ന് ഞങ്ങൾ പ്രത്യേകം പറയേണ്ടതുണ്ട്. ഞങ്ങളുടെ സമീപനം വ്യത്യസ്തമായിരിക്കണം."- ബോസ് പറഞ്ഞു.

നേരത്തെ, സി.എ.എയിൽ എന്തുകൊണ്ട് മുസ്‌ലിംകളെ ഉൾപ്പെടുത്തിയില്ലെന്ന് ചന്ദ്രകുമാർ ബോസ് ചോദിച്ചിരുന്നു. മറ്റ് മതങ്ങളെ പരാമർശിച്ചായിരുന്നു ചന്ദ്രകുമാർ ഈ ചോദ്യം ഉന്നയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ചന്ദ്രകുമാർ ബോസ് അന്ന് ഇക്കാര്യം ചോദിച്ചത്.

സി.എ.എയെ എതിർക്കുന്നവർ നട്ടെല്ലില്ലാത്തവരും പിശാചുക്കളും പരാന്നഭോജികളുമാണെന്ന് നേരത്തെ ദിലീപ് ഘോഷ് പറഞ്ഞിരുന്നു. പൊതുമുതൽ നശിപ്പിക്കുന്നവരെ ഉത്തർപ്രദേശിൽ ചെയ്തതുപോലെ പശ്ചിമ ബംഗാളിലും വെടിവച്ച് കൊല്ലുമെന്ന വിവാദ പ്രസ്താവനയ്ക്ക് ശേഷമായിരുന്നു ദിലീപ് ഘോഷിന്റെ അടുത്ത പ്രസതാവനയും വന്നത്.

50 ലക്ഷം മുസ്‌ലിം നുഴഞ്ഞു കയറ്റക്കാരെ കണ്ടെത്തി അവരെ രാജ്യത്തിനു പുറത്താക്കുമെന്നും ദിലീപ് ഘോഷ് ഇന്ന് പ്രസ്താവിച്ചിട്ടുണ്ട്. പൗരത്വ ഭേഗതി വിഷയവുമായി ബന്ധപ്പെടുത്തിയാണ് ഘോഷിന്റെ പരാമർശം."50 ലക്ഷം മുസ്‌ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയും, ആവശ്യമെങ്കിൽ അവരെ രാജ്യത്തിന് പുറത്തേക്ക് ഓടിക്കും. ആദ്യം അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കംചെയ്യും, തുടർന്ന് ദീദിക്ക് (മുഖ്യമന്ത്രി മമത ബാനർജി) ആരെയും പ്രീണിപ്പിക്കാൻ കഴിയില്ല."- ദിലീപ് ഘോഷ് പറഞ്ഞു.

Read More >>