പ്രജ്ഞയ്ക്ക് മാപ്പില്ലെന്ന് മോദി

ഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പ്രജ്ഞയുടെ പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ടാണ് നരേന്ദ്ര മോദിയുടെ പ്രസ്താവന.

പ്രജ്ഞയ്ക്ക് മാപ്പില്ലെന്ന് മോദി

ന്യൂഡല്‍ഹി: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അപമാനിച്ച പ്രജ്ഞ സിങ് ഠാക്കൂറിന് തനിക്കൊരിക്കലും മാപ്പുകൊടുക്കാനാകിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പ്രജ്ഞയുടെ പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ടാണ് നരേന്ദ്ര മോദിയുടെ പ്രസ്താവന.

നാഥുറാം വിനായക് ഗോഡ്‌സെ ദേശസ്‌നേഹിയായിരുന്നെന്നും എപ്പോഴും ദേശസ്‌നേഹിയായി തന്നെ തുടരുമെന്നും പ്രജ്ഞ അഭിപ്രായപ്പെട്ടിരുന്നു. ചില ആളുകള്‍ അദ്ദേഹത്തെ തീവ്രവാദി എന്ന് വിളിക്കുന്നുണ്ട്. അത്തരം ആളുകള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ തക്കതായ മറുപടി നല്‍കും എന്നായിരുന്നു പ്രജ്ഞയുടെ പ്രസ്താവന. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായ ഗോഡ്സെ ആണെന്ന കമലഹാസന്‍റെ പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടയിലായിരുന്നു പ്രജ്ഞ സിങിന്റെ വിവാദ പരാമര്‍ശം.

പ്രതിഷേധം ശക്തമായതോടെ പ്രജ്ഞാ സിങിന്റെ പ്രസ്താവനയെ തള്ളി ബിജെപിയും രംഗത്തെത്തിയിരുന്നു. വിവാദ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്ന് ബിജെപി വാക്താവ് ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞിരുന്നു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ രാജ്യസ്നേഹിയെന്ന പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ വിവാദ പ്രസ്താവന അവര്‍ പിന്‍വലിച്ചുവെന്നും മാപ്പു പറഞ്ഞിരുന്നെന്നും പി.ടി.ഐ റിപ്പോര്‍ട്ടുചെയ്തിരുന്നു.

Read More >>