ചന്ദ്രയാന്‍- 2 ജൂലൈയില്‍ വിക്ഷേപിക്കും

ചന്ദ്രയാന്‍ ദൗത്യത്തിലെ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ എന്നിവയുടെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു.

ചന്ദ്രയാന്‍- 2 ജൂലൈയില്‍ വിക്ഷേപിക്കും

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍-2 ജൂലൈയില്‍ വിക്ഷേപിക്കും. ചന്ദ്രയാന്‍ ദൗത്യത്തിലെ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ എന്നിവയുടെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ജൂലൈ ഒമ്പതിനും 16 നും ഇടയില്‍ പേടകവുമായി റോക്കറ്റ് കുതിച്ചുയരുമെന്നാണ് ഐഎസ്ആര്‍ഒ നല്‍കുന്ന വിവരം. 10 വര്‍ഷം മുമ്പാണ് ചന്ദ്രയാന്‍-2 ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാന്‍- 2 ദൗത്യത്തിനുള്ളത്. ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ട് എന്ന് അറിയുകയാണ് പ്രധാന ലക്ഷ്യം. ഒന്നാം ചന്ദ്രയാന്‍ ദൗത്യം ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുക എന്നതാണ് ചന്ദ്രയാന്‍- 2 ദൗത്യം ലക്ഷ്യമിടുന്നത്.

അതിസങ്കീര്‍ണമായ ലാന്‍ഡിംഗിനാണ് ചാന്ദ്രയാന്‍-2 ഒരുങ്ങുന്നത്. മൂന്ന് മൊഡ്യൂളുകളാണ് ചാന്ദ്രയാന്‍ രണ്ടാം ദൗത്യത്തിലുള്ളത്. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ. ലാന്‍ഡിംഗിന് ഉപയോഗിക്കുന്ന മൊഡ്യൂളിന്റെ പേര് വിക്രം എന്നാണ്. വിക്രം സാരാഭായിക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള പേര്. സോഫ്റ്റ് ലാന്‍ഡിംഗ് രീതി ഇന്ത്യ ആദ്യമായി പരീക്ഷിക്കുകയാണ് ചാന്ദ്രയാന്‍ രണ്ടിലൂടെ. ഇറങ്ങുന്നതോ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലും. ഇതുവരെ ഒരു ബഹിരാകാശവാഹനവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയിട്ടില്ല.

കഴിഞ്ഞ തവണയെല്ലാം, ചാന്ദ്രയാന്‍ - ഒന്നാം ദൗത്യത്തിലടക്കം ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആര്‍ഒ അവലംബിച്ചിരുന്നത്. ഇത്തവണ സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുകയാണ് ഐഎസ്ആര്‍ഒ. ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്.

Read More >>