കാന്‍സറില്ലാതെ കീമോതെറാപ്പി: നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി; ചികില്‍സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

ആശുപത്രിയിലെ ചികിത്സ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും ബോധ്യപ്പെട്ട ശേഷമേ ഡോക്ടര്‍മാര്‍ ചികിത്സ നടത്താവൂ എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കാന്‍സറില്ലാതെ കീമോതെറാപ്പി: നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി; ചികില്‍സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: കാന്‍സറില്ലാതെ കീമോതെറാപ്പി ചെയ്ത സംഭവത്തില്‍ യുവതിക്ക് എല്ലാ സഹായവും ചെയ്ത് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവം നിര്‍ഭാഗ്യകരമാണ്. ആശുപത്രിയിലെ ചികിത്സ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും ബോധ്യപ്പെട്ട ശേഷമേ ഡോക്ടര്‍മാര്‍ ചികിത്സ നടത്താവൂ എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ അനാവശ്യ തിടുക്കം കാട്ടി. കളക്ടറോട് റിപ്പോര്‍ട്ട് തേടാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവതിയുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും പറഞ്ഞു.

കാന്‍സറില്ലാത്ത യുവതിക്ക് കാന്‍സര്‍ ചികില്‍സയും കീമോതെറാപ്പിയും നടത്തിയ സംഭവം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ആലപ്പുഴ കുടശനാട് സ്വദേശിനിയായ രജനിക്കായിരുന്നു കാന്‍സര്‍ ചികിത്സ നല്‍കിയത്. മാര്‍ച്ച് നാലിനാണ് കുടശനാട് സ്വദേശി രജനി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തുന്നത്. മെഡിക്കല്‍ കോളജിലെ ലാബില്‍ ബയോസ്പി ചെയ്യുന്നതിനൊപ്പം സ്വകാര്യ ലാബിലും ടെസ്റ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. സ്വകാര്യ ലാബിലെ റിപ്പോര്‍ട്ടിന്റൈ അടിസ്ഥാനത്തില്‍ കീമോതുടങ്ങി. പിന്നീട് തിരുവനന്തപുരം ആര്‍.സി.സിയില്‍ നടത്തിയ പരിശോധനയില്‍ കാന്‍സറില്ലെന്ന് കണ്ടെത്തുകയായിരുന്നു. യുവതിയുടെ പരാതിയില്‍ ഐ.പി.സി സെക്ഷന്‍ 336, 337 പ്രകാരം കേസെടുത്തിട്ടുണ്ട്.

സര്‍ക്കാര്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് രജനി മുഖ്യമന്ത്രിയെ കണ്ടിരുന്നു. തുടര്‍ചികിത്സയും സര്‍ക്കാര്‍ ജോലിയും വേണമെന്നായിരുന്നു ആവശ്യം. തിരുവനന്തപുരത്തെത്തിയാണ് മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടത്. പൂര്‍ണ സഹായം ഇരുവരും ഉറപ്പ് നല്‍കിയതായും രജനി പറഞ്ഞിരുന്നു.

Read More >>